Tuesday, 2 January 2018

വന്ദേ ഭാരതജനനീ' - സംഗീത ശില്പം
(ഭാരതത്തിന്റെ 71-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആകാശവാണി തൃശൂർ നിലയം അവതരിപ്പിക്കുന്ന സംഗീതശില്പം -വന്ദേ ഭാരത ജനനീ)
നമ്മുടെ രാജ്യത്തെ കാത്തു സൂക്ഷിച്ചു കൊണ്ട് അതിർത്തികളിൽ കാവൽ നിൽക്കുന്ന ധീര സൈനികർക്ക് സംഗീതശില്പം സമർപ്പിച്ചു കൊണ്ട്,
' അവതരണ ഗാനം '
ആഖ്യാനം. - 1
(പ്രഭാതത്തെ ധ്വനിപ്പിക്കുന്ന സംഗീത വീചികൾ, കിളികളുടെ കളനാദം ഇവയുടെ പശ്ചാത്തലത്തിൽ)
പ്രിയരേ ! ഇതാ നനുത്ത പ്രഭാതം നിങ്ങളെ വിളിച്ചുണർത്തുകയാണ്. ദേശഭക്തിയുണർത്തുന്ന ഗീതങ്ങൾ ദൂരെ നിന്ന് ഒഴുകിയെത്തുന്നത് എനിക്ക് വ്യക്തമായി കേൾക്കാം. നിങ്ങൾക്കു കേൾക്കാൻ കഴിയുന്നില്ലേ? എഴുന്നേൽക്കൂ... ഇന്ന് നമ്മുടെ ഭാഗ്യ ദിനം. നമ്മൾ ഭാരതീയർ , ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം പിടിച്ചു വാങ്ങിയ ആഗസ്റ്റ് 15 !

ഗാനം 1
സ്വാതന്ത്ര്യത്തിൻ പുലരി വിരിഞ്ഞു
പാവന ഭാരതവീഥിയുണർന്നു
ചിറകു കുടഞ്ഞു പറന്നൂ വാനിൽ
മൂവർണക്കൊടി വീണ്ടും

ഉയരുകയായീ കളകണ്ഠങ്ങളിൽ
വന്ദേമാതര ഗാന രസം
നിറയുകയായി ഹൃദയം നിന്നുടെ
നിസ്തുല മഹിമാ പൂർണ്ണ രസം.

ഗിരി ശിഖരങ്ങളിൽ തരുനികരങ്ങളിൽ
വിടരുകയായ് സുമഭാവങ്ങൾ
പുത്തനുഷസ്സിൻ പുതുഗന്ധങ്ങൾ
പടരുകയായ് ശുഭസൂചകമായ്.
------------
ആഖ്യാനം - 2
നഷ്ടമായ നമ്മുടെ സ്വാതന്ത്ര്യം വീണ്ടെടുക്കുവാൻ ഒരുപാട് ധീരന്മാർ പടപൊരുതി; ജീവൻ ബലിയർപ്പിച്ചു. അങ്ങനെ ഏറെ ജീവൻ ബലി നല്കി നേടിയെടുത്തതാണ് ഇന്നത്തെ സ്വാതന്ത്ര്യം. സ്വാതന്ത്ര്യം ഇവിടുത്തെ ഓരോ മൺതരിക്കും അവകാശപ്പെട്ടതാണ്. മറ്റാരുടേയും സ്വൈരവിഹാരത്തിന് തടസ്സം നിൽക്കാൻ നമുക്കാർക്കും അവകാശമില്ല. മറ്റുള്ളവരുടെ സ്വാതന്ത്ര്യം നാം അംഗീകരിക്കുമ്പോൾ മാത്രമാണ് നമ്മുടെ സ്വാതന്ത്ര്യവും അംഗീകരിക്കപ്പെടുന്നത്.
പ്രിയരേ! ഇനിയും നമ്മുടെ സ്വാതന്ത്ര്യം മറ്റാരും കവർന്നെടുക്കാതിരിക്കാൻ നമുക്ക് ഉണർന്നെണീക്കാം. നമ്മുടെ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മുടേതു മാത്രമാണ്. ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഭാരതത്തിന്റെ സ്വാതന്ത്ര്യം, ഇവിടുത്തെ പൗരന്മാർ എന്ന നിലയിലുള്ള സ്വാതന്ത്ര്യം ഇവയെല്ലാം കാത്തു സൂക്ഷിക്കാൻ കടപ്പെട്ടവർ നാമോരോരുത്തരുമാണ് . ഉത്തിഷ്ഠതാ ജാഗ്രത . എഴുന്നേൽക്കൂ മനസ്സും ബുദ്ധിയും ഉണരട്ടെ !
ഗാനം 2
പാടാമിനിയൊരു ഗാനം
ഭാരതമുണരാനിനിയൊരു ഗാനം,
പുഴയും മലയും പൂങ്കാവനവും
ഉണർന്നെണീക്കാനൊരു ഗാനം.

ഉള്ളിലുറങ്ങും ഉന്നത ശക്തികൾ
തിമർത്ത് പൊന്തും മണ്ണിൽ
ഉയിർ കൊള്ളട്ടെ ധീര ജവാന്മാർ
ഭാരതാംബയെ കാത്തിടുവാൻ.
ഉദിച്ചുയർന്നിട്ടുജ്ജ്വലമാകാൻ,
ഭാരത മണ്ണിൻ യശസ്സു കാക്കാൻ,
ധീര ഭഗീരഥരാവാൻ, - ഭാരതർ
ഉണർന്നെണീറ്റിടാൻ -
------------
ആഖ്യാനം - 3
സംസ്കാരത്തിന്റെ വിളനിലമാണ് ഭാരതം. വിശ്വത്തിൽ ആദ്യമായി ശാന്തിയുടെ മന്ത്രം ഉറക്കെ ഉദ്ഘോഷിക്കുന്നത് മണ്ണിൽ പിറന്ന മനീഷികളാണ്. പൂവിലും പുല്ലിലും പുഴുവിലും കുടികൊള്ളുന്ന ജീവന്റെ തുടിപ്പ് ഒന്നു തന്നെയാണ് മനുഷ്യനിലും മറ്റു ജീവജാലങ്ങളിലുമുള്ളതെന്ന സനാതന സത്യം കണ്ടറിഞ്ഞതും ഇവിടുത്തെ ഋഷീശ്വരന്മാർ തന്നെ ! ഇവിടെ പിറക്കുന്ന കാട്ടു കാട്ടുകല്ലിൽ പോലും സനാതന ചൈതന്യം സ്ഫുരിക്കുന്നു. ഇക്കാര്യങ്ങൾ മനസ്സിലാക്കി ആദ്ധ്യാത്മികമായും ഭൗതികമായും മഹിമ പുലർത്തിയ ഭാരതത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്നവർ ഏറെയാണ്..... അങ്ങനെയിരിക്കെ പുണ്യഭൂമിയിൽ പിറക്കാൻ കഴിഞ്ഞതു തന്നെ എത്രയോ ഭാഗ്യം! നൂറു കോടി ജന്മങ്ങളിൽ ചെയ്ത പുണ്യകർമങ്ങളുടെ ഫലമത്രേ മനുഷ്യ ജന്മം. അത് ഭാരതത്തിൽ ലഭിച്ചു എന്നത് അതിലേറെ മഹാഭാഗ്യം!

ഗാനം 3
പുണ്യഭൂമി- ഭാരത ഭൂമി
മണ്ണിൽ മഹിമ പുലർന്ന ഭൂമി
വിണ്ണിലെ മലർവാടിപോലും
സ്വപ്നം കാണുവതെന്റെ ഭൂമി
മേഘമാലകൾ തൊട്ടു തഴുകും
മോഹനം ഗിരിനിരകളും,
താമരപ്പൂഞ്ചോലകൾക്ക്
കാവലായളി വൃന്ദവും.

ചന്ദനപ്പൂങ്കാറ്റ് മുളയിൽ'
പാട്ട് മൂളും സാനുവും,
കുങ്കുമപ്പൂമ്പൊട്ടു തൊട്ടതാം
അരുണ സന്ധ്യാ വാനവും.
------------------------
ആഖ്യാനം - 4
നൂറ്റാണ്ടുകളുടെ അടിമത്തത്തിലൂടെ സാംസ്കാരികമായും സാമ്പത്തികമായും നാം പാരതന്ത്ര്യത്തിലായെങ്കിലും നമ്മുടെ പൈതൃക ധാരയ്ക്ക് ഒരു കുറവും സംഭവിച്ചില്ല. യദായദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാമ്യഹം. അതെ, ലോകത്തിൽ ധർമ്മ നാശം എപ്പോഴെല്ലാമുണ്ടാകുമോ അപ്പോഴെല്ലാം ധർമ്മരക്ഷയ്ക്കായി അവതാരങ്ങൾ ഉണ്ടാകുമെന്ന് നമുക്ക് അനുഭവവേദ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപം കൊണ്ട പല സംസ്കാരങ്ങളും നാമാവശേഷമായപ്പോഴും ഭാരത സംസ്കാരത്തിന് മാത്രം ഒരു ക്ഷതവും സംഭവിച്ചില്ല. തികച്ചും സ്വാഭാവികമായതും സ്വാതന്ത്രതാ ഭാവത്തിൽ അധിഷ്ഠിതവുമായ സനാതന സംസ്കാരധാര ഇന്നും തനതു പ്രൗഢിയോടെ ദേശാന്തരങ്ങളെ കീഴ്പ്പെടുത്തി ദിഗ് വിജയ യാത്ര തുടരുകയാണ്.


ഗാനം 4
ഉയരും കൊടിയുയരും
മൂവർണ്ണക്കൊടി ഉയരും
മൂലോകങ്ങൾക്കപ്പുറമിനിയും
പടരും പ്രഭ പടരും.

കടലും കൊടുമുടിയും
കടന്നു കയറും കീർത്തിരഥം
ദേശാന്തരങ്ങളാരാധിക്കെ
തുടരും ദിഗ്വിജയം.

ഹൃദയം അനുനിമിഷം
രാഷ്ട്ര ചിന്തയിൽ മേവുമ്പോൾ
വിളിക്കയാണിന്നീ വിശ്വം
വിജയം എൻ ദിഗ്വിജയം.
------------
ആഖ്യാനം -5
ഒരിക്കലും മറ്റാരേയും ആക്രമിച്ച് കീഴ്പ്പെടുത്താൻ നാം ഭാരതീയർ തയ്യാറായിട്ടില്ല. എന്നാൽ നമ്മെ ആക്രമിക്കാൻ വന്നവരെ തിരികെ വിട്ടിട്ടുമില്ല. പ്രതിരോധിക്കേണ്ട സമയങ്ങളിലെല്ലാം ഇവിടുത്തെ ഓരോ പുൽക്കൊടിപോലും ധീരതയോടെ എഴുന്നേറ്റു വരുന്ന കാഴ്ചയാണ് ശത്രുക്കളായ് വന്നവർ കണ്ടത്. രാത്രിയെന്നോ പകലെന്നോ മഞ്ഞെന്നോ വെയിലെന്നോ നോക്കാതെ വിശപ്പും ദാഹവും വകവെയ്ക്കാതെ അതിർത്തികളിൽ നമ്മുടെ സൈനികർ നാടിന് കാവൽനില്ക്കുകയാണ്. അവരെ ഓർമ്മിക്കാതെ നമുക്ക് ഒരു സ്വാതന്ത്ര്യ ദിനമുണ്ടോ? ധീരജവാന്മാരേ! ..... ജനകോടികളുടെ ആശീർവാദങ്ങൾ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്..! അതു കൊണ്ട് വിജയം നിങ്ങൾക്കുള്ളതാണ്.

ഗാനം 5
ഭാരത മണ്ണിൽ ജനിച്ചവരെല്ലാം
വീരശൂരപരാക്രമികൾ
ഭാരത നാടിൻ മാനം കാക്കാൻ
രക്തം ചീന്തും ധീര ഭടന്മാർ
Chorus ['ഭാരത ജനനീ! ജയ ജനനീ!
ജയ ജയ ജനനീ! മമ ജനനീ!' ]

രാവും പകലും മിഴി ചിമ്മാതെ,
മഴയും വെയിലും വകവെയ്ക്കാതെ,
പ്രതിബന്ധങ്ങളിൽ അടിപതറാതെ,
അടരാടുന്നവർ ഭാരതവീരർ.

ശോണിതമുറയും ഹേമന്തങ്ങളിൽ
ജ്വലിച്ചു നില്ക്കും ഗ്രീഷ്മങ്ങളിലും
പശിയും ദാഹവും ഓർക്കാതെന്നും
കാവൽ നില്പൂ വീരഭടന്മാർ.
 ---------------------
ആഖ്യാനം - 6
നമ്മുടെ നാടിന്റെ വളർച്ചയിൽ അസൂയലുക്കളായവർ, ഏതുവിധേനയും നമ്മെ തകർക്കണമെന്ന് ചിന്തിച്ച് അതിനായ് കരുക്കൾ നീക്കുന്നു.
നമ്മെ കീഴ്പ്പെടുത്തി നാടിന്റെ സൗഭാഗ്യങ്ങൾ കൈക്കലാക്കാൻ ശത്രുക്കൾ ഒളിഞ്ഞും തെളിഞ്ഞും ലാക്ക് നോക്കുന്നു. ജനകോടികളുടെ ആശീർവാദങ്ങൾ ഏറ്റുവാങ്ങിയ ധീരരായ യുവാക്കൾ കാവൽക്കാരായിരിക്കുമ്പോൾ ആർക്കാണ് ഇവിടെ അതിക്രമിച്ച് കടക്കാനാവുക. അതിനുള്ള ധൈര്യം ആർക്കാണ്.

ഗാനം 6
സ്വർണക്കതിരുകൾ വിളയും പാടം,
വിത്തു വിതച്ചു വിണ്ണവർ മണ്ണിൽ,
Male സ്വാതന്ത്ര്യത്തിൻ വായു ശ്വസിച്ച്
നെന്മണി പൊട്ടിമുളച്ചു.
FM സ്വാതന്ത്ര്യത്തിൻ തേനമൃതുണ്ടു
വളർന്നുതുടങ്ങീ മണ്ണിൽ.

സ്വാതന്ത്ര്യത്തിൻ സ്വർണ്ണക്കതിരുകൾ വിളയട്ടെ തെയ് തകതാരാ
തെയ് തകതാരാ തെയ്താരാ തെയ് തകതാരാ തെയ് താരാ

കള്ളക്കളകൾ വളർന്നാൽ ഉടനവ പറിച്ചു മാറ്റീടാൻ
വെള്ളം തേവി നനച്ചു വളർത്താൻ, വളവും തൂവാനായ്
കരുത്തരായ പണിയാളന്മാർ കടുത്തു നിൽക്കുമ്പോൾ
തടഞ്ഞു നിർത്താൻ ആരുണ്ടിവിടെ? കാണട്ടെ ഞങ്ങൾ !

കതിരുകൾ പൊട്ടാറായ് പുത്തൻ നിറകതിർ വരവായി
പതിരില്ലാത്തൊരു കതിർ കാണാനായ് കാത്തിരിക്കുമ്പോൾ
മുന്നിൽ നിന്നോ- പിന്നിൽ നിന്നോ- ഒളിഞ്ഞു വന്നാലും
കൊയ്തെടുക്കാൻ നോക്കേണ്ടാരും ഞങ്ങടെ സ്വാതന്ത്ര്യം.
------------
ആഖ്യാനം -7
വിദേശ ആധിപത്യത്തിൽ ശ്വാസം മുട്ടിയ ഭാരതത്തെ മോചിപ്പിക്കാൻ ആയിരങ്ങൾ ഇവിടെ യുദ്ധം ചെയ്തു. 'സ്വാതന്ത്യം എന്റെ ജന്മാവകാശമാണ് ഞാൻ അതു നേടുകതന്നെ ചെയ്യും' എന്ന ഉറച്ച തീരുമാനം ഓരോ ഭാരതീയന്റേയും മനസ്സിൽ തീ നാളമായി കത്തി ഉയർന്നു. ധീരന്മാരുടെ രക്തം സ്വാതന്ത്ര്യാഭിവാഞ്ഛയായി ഭാരതത്തിലെ ഓരോ മൺ തരിയിലും എണ്ണ പകർന്നു. നിശ്ചയദാർഢ്യത്തിന്റെ അഗ്നിനാളത്തിൽ വിദേശപ്പട കത്തിയൊടുങ്ങി. അങ്ങനെ സ്വാതന്ത്ര്യ ദേവത ഭാരതത്തെ ആശ്ളേഷിച്ചു.
ഇന്ന് സ്വാതന്ത്ര്യത്തിന്റെ 70 സംവത്സരങ്ങൾ പിന്നിട്ട നാം, ഇന്ന് സുഖലോലുപരായ് സുഖ സൗകര്യങ്ങൾ ആസ്വദിക്കുമ്പോൾ - കഴിഞ്ഞു പോയ നാളുകൾ മറന്നു പോകുന്നുവോ ! അനേകരുടെ പ്രയത്ന ഫലം ആസ്വദിക്കുമ്പോൾ, നമ്മുടെ സഹോദരന്മാരുടെ സ്വാതന്ത്ര്യത്തെ നാം മാനിക്കുന്നുണ്ടോ? ഭാരതത്തിലെ എല്ലാ പൗരന്മാരും തുല്യരല്ലേ? - ഇവിടെ എല്ലാവർക്കും ഒരേ അവകാശമല്ലേ ഉള്ളത്. എല്ലാവർക്കും തുല്യതയുള്ള നാട്ടിൽ അഴിമതിക്കും അക്രമങ്ങൾക്കും സ്ഥാനമെവിടെ?
അധർമ്മികൾ ആരായാലും സ്വജനങ്ങളായാൽ പോലും മുഖം നോക്കാതെ ശിക്ഷ വിധിക്കാൻ തക്ക ശക്തിയും ഓജസുമുള്ള നീതിദേവത ധർമ്മ പക്ഷത്തുള്ളപ്പോൾ എന്തിനു ശങ്കിക്കണം ? അധർമ്മികളെ നശിപ്പിക്കാൻ തക്ക ശക്തിയുള്ള രാഷ്ട്ര ചേതന ഇതാ ഇവിടെ അവതരിച്ചു കൊണ്ടിരിക്കുകയാണ്.

ഗാനം 7
ഉണർന്നുയർന്നു വന്നിടുന്നു ഭാരതത്തിൻ പൗരുഷം
അജയ്യശക്തിയാർന്നിതാ വരുന്നു കീഴടക്കുവാൻ
ഹിമാലയം കണക്കുയർന്ന സ്വാഭിമാനമസ്തകം,
കയ്യിലേന്തിടും ധ്വജം പറന്നുയർന്നിടുന്നിതാ.

ശത്രുവേ തുരത്തുവാ-നധർമ്മനാശമേകുവാൻ
കാത്തു വച്ച സ്വാതന്ത്ര്യത്തെ കാത്തു കാത്തു വയ്ക്കുവാൻ
പൂർവ പശ്ചിമങ്ങളിൽ ദക്ഷിണോത്തരങ്ങളിൽ
പൂർവികർ പടുത്തുയർത്ത സംസ്കൃതിക്കു കാവലായ്

ഉയിർ കൊടുത്തു വീണ്ടടുത്ത ഭാരതത്തിൻ ചേതന
പാരിതിൽ പ്രകാശമാനമാകുവാൻ നിതാന്തമായ്
പോർക്കളങ്ങളിൽ തൊടുത്തൊ-രഗ്നിസായകങ്ങളാൽ
നേരിടാൻ ത്രസിച്ചു നില്കയാണ് വീരസൈനികർ.
-----------------------------


ആഖ്യാനം -8
ദേവതാത്മാവായ ഹിമാലയം ഭാരതാംബയുടെ കിരീടമായി നിലകൊള്ളുന്നു. ഗംഗാ യമുനാ സിന്ധു സരസ്വതി തുടങ്ങിയ നദികൾ പുണ്യഭൂമിയിലുടനീളം സ്നേഹം ചുരത്തി ഒഴുകുന്നു. കാശ്മീരിലെ കുങ്കുമപ്പൂക്കൾ ഭാരതാംബയെ സ്തുതിച്ചു പാടുന്നു. അറബിക്കടലും വംഗ സമുദ്രവും തങ്ങളുടെ തിരകൈകളെക്കൊണ്ട് ഭാരതാംബയുടെ പാദകമലങ്ങളിൽ പൂക്കൾ അർപ്പിക്കുകയാണ്. അമ്മേ ഭാരതാംബേ നീ ജയിച്ചാലും!
ഗാനം 8
ഹിമഗിരി ശൃംഗം ഉത്തുംഗം
ഭാരത മാതുർമണിമകുടം
ഗംഗാ യമുനാ സിന്ധു സരസ്വതി
പ്രവഹതി മാതുർ-ഹൃദയതടം.

കാശ്മീരാദി മഹോന്നത ദേശേ
വികസന്ത്യധുനാ കുസുമാനി.
ഗായന്ത്യചിരാത് താനി സുമാനി
വന്ദേമാതരഗാനാനി.
(വന്ദേമാതരം.... വന്ദേമാതരം.....
സുജലാം സുഫലാം മലയജശീതളാം)(ഹിമഗിരി)

ആരബ -വംഗ -മഹോദധിനായുത
ഹിന്ദുസമുദ്രോ സ്തൗതി ചിരം താം.
തസ്യ തരംഗകരേണ ഹാരേണ
അർച്യതേ മമ ഭാരത മാതാ.
 ---------------------
ആഖ്യാനം -9
സ്വാതന്ത്ര്യം! എത്ര സുന്ദരമയ പദം ! ഒരു നിയന്ത്രണവുമില്ലാതെ സ്വച്ഛമായി കഴിയുവാൻ എല്ലാവർക്കും സാധിക്കുന്ന അവസ്ഥ. മറ്റുള്ളവരുടെ കർമ്മങ്ങൾക്ക് തടസ്സമുണ്ടാക്കാതെ എന്ന് പ്രത്യേകം എടുത്തു പറയേണ്ടതുണ്ടെന്നു മാത്രം. പ്രപഞ്ചത്തിൽ ഏറ്റവും വില പിടിപ്പുള്ളതും സ്വാതന്ത്ര്യമെന്ന അവസ്ഥയ്ക്കാണ്. പിറക്കുന്നതിനു മുമ്പേ തന്നെ നാം ഓരോരുത്തരും ഇതിന്റെ അവകാശികളുമാണ്. സ്വർഗ്ഗ തുല്യമായ അവസ്ഥ, അനുഭൂതി നമുക്ക് എല്ലാവർക്കുമായി പങ്കുവയ്ക്കാം. ഭൂമിയിൽ പുതിയൊരു സ്വർഗം ചമയ്ക്കാം.
 
ഗാനം 9
സ്വാതന്ത്ര്യമെന്റെ ജന്മാവകാശം (സ്വാതന്ത്ര്യമാണെന്റ)
പാരിൽ ജനിച്ചപ്പോൾ കൈവന്ന സൗഭാഗ്യം/ഭാഗ്യം
നേരിനും നേരായൊരീശ്വര സാന്നിധ്യം
നേരായ് നടപ്പതിൻ സഞ്ചിത പുണ്യം.

അമ്മിഞ്ഞപ്പാലൊപ്പം നിർമ്മല മാധുര്യം,
അമൃതം പോൽ അമരത്വമേകുന്ന വൈഭവം;
അച്ഛനുതുല്യം അഭയപ്രദായകം,
ആകാശം പോലെ വിശാലം മനോഹരം.

വെണ്ണയെക്കാളേറെ മാർദ്ദവമോലുന്ന,
വെൺമതിയേക്കാൾ ശീതളമേകുന്ന,
ആത്മചൈതന്യ പ്രഭാവം നിറയ്ക്കുന്ന,
വിശ്വാത്മ ശക്തി- സ്വാതന്ത്ര്യ ഭാവം.
------------
ആഖ്യാനം - 10
സ്വധർമ്മമനുഷ്ഠിക്കാനും സ്വതന്ത്രമായി ചിന്തിക്കാനും ഭാരതത്തിൽ എന്നും സ്വാതന്ത്ര്യമുണ്ടായിരുന്നു. സ്വതന്ത്രതാ ഭാവം ഇവിടുത്തെ സംസ്കാരത്തിന്റെ അന്തസത്തയാണ്. ലോകാ: സമസ്താ: സുഖിനോ ഭവന്തു !' ലോകത്തിൽ എല്ലാവരും സുഖമുള്ളവരാവട്ടെ എന്ന പ്രാർഥന തന്നെ ഇതിന് തെളിവാണ്. ലോകം ഒരു കൂടാണെന്നും അതിൽ എല്ലാവരും സഹോദരീ സഹോദരന്മാരാണെന്നുമുള്ള ഉദാത്ത ചിന്ത എല്ലാ ജീവജാലങ്ങളുടേയും സ്വാതന്ത്ര്യത്തെ നാം അംഗീകരിക്കുന്നു എന്നതിന് തെളിവാണ്. ഇതു തന്നെയാണ് നാടിന് ലോക രാഷ്ട്രങ്ങൾക്കിടയിൽ അംഗീകാരം നേടുവാൻ സഹായകമായതും. ഭൗതികമായും ആധ്യാത്മികമായും എന്റെ നാട് എത്ര സുന്ദരമാണ്.

ഗാനം 10
എത്ര സുന്ദരമെന്റെ ദേശം
ധവള ഹിമഗിരി ശോഭിതം
സിന്ധു ഗംഗാ തുംഗ ഭദ്രകൾ
തഴുകി ഒഴുകും ഭാരതം.

കുങ്കുമങ്ങൾ പൂവിടുന്ന
ഹരിതസുന്ദര സാനുവിൽ
കിളി കുലങ്ങൾ പാടിടുന്നു
പുണ്യചരിത-ഗീതകം

കേര- കദളീ വനനിരകൾ
കതിരു ചൊരിയും കൃഷിയിടങ്ങൾ
സസ്യശ്യാമള പൂർണമാമെൻ
ഭാരതം അതിസുന്ദരം.
--------------
ആഖ്യാനം - 11
എത്ര മഹത്തരമാണ് എന്റെ ഭാരതം. അതെ, പെറ്റമ്മയും ജന്മം നല്കിയ നാടും എനിക്ക് സ്വർഗത്തേക്കാൾ മഹത്വമേറിയതാണ്. 'ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസീ'. !!!!!!!!! അതെ എന്റെ നാട് എനിക്ക് അമ്മ തന്നെയാണ് - വന്ദേ ഭാരത ജനനീ.
------------ ശുഭം! ശുഭം! ശുഭം! ------------