Sunday 26 February 2017

മാബലിത്തമ്പുരാന്റെ തിരുവരവ..

മാബലിത്തമ്പുരാന്റെ തിരുവരവറിയിച്ചു
പൂത്തുമ്പ പുഞ്ചിരി തൂകി,
തൃക്കാക്കരത്തേവർ തേരേറി വന്നെന്റെ
തിരുമുറ്റ നടുവിലായ് കുടിയിരുന്നു.

പൂക്കാമരത്തിലെ പൂക്കാത്ത കൊമ്പത്തും
നിൻ വരവോർക്കുമ്പോൾ മലരണിയും
കോരിത്തരിച്ചങ്ങു നിൽക്കുമീ മലയാളം
തിരുവോണമെന്നോർത്താൽ അന്നുമിന്നും.

മഞ്ഞളരച്ചു കുളി കഴിഞ്ഞു
മുറ്റത്തു മുക്കുറ്റി പൂ ചൊരിഞ്ഞു
ചെത്തിയും ചേമന്തീം ചെമ്പരത്തീം
ചേലാർന്നൊരീനാട്ടിൽ നിറഞ്ഞു നിന്നു.


കോറസ് - 4 വരികൾക്കു ശേഷം
തൃക്കാക്കരയപ്പോ മാതേവോ
ഞാനിട്ട പൂക്കളം കാണാൻ വായോ
കുണ്ടിലും കുഴിയിലും ചാടാതെ വായോ
ആർപ്പോയ് - ...... ഹിർറോ  .... ഹിർറോ.......

-----അയ്യമ്പുഴ ഹരികുമാർ ----             26-07-2015
Broadcasted By AIR Thrissur.

Saturday 25 February 2017

ഓണത്തുമ്പീ ... ഓമനത്തുമ്പീ ...

ഓണത്തുമ്പീ ... ഓമനത്തുമ്പീ ...
ചിങ്ങം പിറന്നതറിഞ്ഞില്ലേ !
മാബലി തമ്പ്രാനെഴുന്നെള്ളും നേരമായ്
നാമൊന്നു ചേർന്നെതിരേറ്റിടേണ്ടേ
( ... )
പൂക്കളിറുക്കേണം പൂക്കളം തീർക്കേണം
താമരപ്പൂഞ്ചോലയിൽ പോകണം
OR
താമരച്ചോലയിൽ പോയിടേണം
നീരാടി ആനന്ദ ധാരയിലാറാടി -
ക്കോടിയുടുത്തു തെളിഞ്ഞിടേണം .
(---)
കർക്കിടകത്തിൻ പടികടന്ന്
ശ്രാവണം വന്നിതാ എത്തി നോക്കി.!
പൂവിളി കേൾക്കുന്നു..! പൂമണം വീശുന്നു..!
പൂത്തുമ്പീ നീ വരൂ ഓണമായി ...!

                   ---അയ്യമ്പുഴ ഹരികുമാർ ----
27-07-2015 Broadcasted by AIR Trissur

സ്നേഹ നിമന്ത്രണം.

 സ്നേഹ നിമന്ത്രണം.
വൃന്ദാവനസീമയിൽ എവിടെയോ
ഇതുവരെ കാണാത്ത പൂവിൻ നിമന്ത്രണം.
ചിറകു വിരിച്ചു പറന്നു ഞാനെത്തുവാൻ
ഏറെ കൊതിച്ചു വിളിക്കയാണിന്നവൾ.
കേൾപ്പൂ ഞാൻ അവളുടെ ധ്യാനനിമന്ത്രണം !
വൈകില്ലെന്നോമലേ, വരികയായ് ....

ഉമ്മ വച്ചാ ദളങ്ങൾ വിടർത്തുവാൻ,
വാരിപ്പുണരുവാൻ, നിന്നിലെ ഗന്ധം ശ്വസിക്കുവാൻ,
സ്നേഹ രസങ്ങൾ നുണയുവാൻ,
നിന്നെയെന്നിലേക്കാവാഹിക്കുവാൻ
ഗാനഗന്ധർവനായ് വന്നീടുമീ ഞാൻ.

കാട്ടു മുളയിലെ രന്ധ്രങ്ങളിൽ
ചുണ്ടാൽ ഏറെ പാട്ടു മൂളിക്കഴിഞ്ഞ ഞാൻ,
വറ്റാത്ത നിൻ സ്നേഹ നിർഝരിയിൽ വന്ന്,
സർവ്വ രന്ധ്രങ്ങളും പുൽകി, പിന്നെ കാവ്യരസത്താലവ നിറച്ച്
നിന്നിലെ കാമന തൊട്ടുണർത്തി,
സ്വർഗ്ഗീയാനന്ദ ഗംഗയിൽ മുങ്ങി നിവർന്ന്
ക്രീഡാരസത്തിലലിയിച്ച് പൂവേ..
ആത്മനിർവൃതി കൊള്ളാൻ കൊതിച്ചു പോയ് .

നിന്നെ ധ്യാനിച്ച് നിന്നെ കൊതിച്ചു
മതിയിൽ  മയങ്ങി കഴിയുന്നു ഞാൻ പൂവേ...
നിന്നിലേക്കല്ലാതെ വേറൊരു യാത്ര ?
നീയില്ലാതില്ലൊരു യാത്ര.!
ഈ യാത്രയിൽ നീയേ വെളിച്ചം
ഉള്ളിന്റെയുള്ളിൽ തെളിച്ചം.
ആപാദചൂഢം മധുരം കിനിയും നിൻ
എവിടെയാണാദ്യമായ്  ചുംബിച്ചിടേണ്ടൂ ഞാൻ
 അമൃതനിഷ്യന്തിയാം നിന്നുള്ളം
 തെല്ലുമൊളിക്കാതെന്നോമലേ..

അയ്യമ്പുഴ ഹരികുമാർ - 25 -02 -2017
 

Thursday 23 February 2017

എന്തു വിളിച്ചാൽ വിളി കേൾക്കും


എന്തു വിളിച്ചാൽ വിളി കേൾക്കും
മലരെന്നോ മലർമിഴിയെന്നോ?
കുളിരെന്നോ കുളിർ മഴയെന്നോ?
മൊഴിയെന്നോ കളമൊഴിയെന്നോ?
പെണ്ണേ നിന്നെ വിളിക്കേണ്ടൂ.


കളിയായ് ഒന്നും മൊഴിയല്ലേ,
പൊഴിയായ് ഒന്നും പറയല്ലേ
ആമിഴിയെ ഞാൻ കവരുമ്പോൾ
ഈമിഴിയിൽ നീ നിറയുമ്പോൾ
എന്തു വിളിക്കും നിന്നെ ഞാൻ
പനിനീർ മലരേ പറയൂ നീ.


നിൻ മണിവീണ ഞാൻ തഴുകുമ്പോൾ
സ്വർഗീയ സ്വനമുതിരുമ്പോൾ
ഇതുവരെ കേൾക്കാത്തൊരു രാഗം
പെണ്ണേ നീയിനി മൂളില്ലേ?
കരളറിയാതെ നീ മൂളില്ലേ?

- അയ്യമ്പുഴ ഹരികുമാർ -
23-02- 2017

Wednesday 22 February 2017

ആദ്യത്തെ മാമ്പഴം


ആദ്യത്തെ മാമ്പഴം

തെക്കെ മുറ്റത്ത് തെച്ചിക്കരുകിലായ്
അച്ഛൻ പണ്ടൊരു മാവു നട്ടു.
ഉച്ചവെയ് ലേറ്റു തളർന്ന തൈമാവിനെ
തെച്ചി തണലേകി താലോലിച്ചു
വെള്ളം നനച്ചു പൈദാഹമകറ്റി,യാ
മാവിനെ യെന്നമ്മ ഓമനിച്ചു.

ഓരോ ദിനങ്ങൾ കൊഴിഞ്ഞു വീണു
മാവിലോരോ ഇലകൾ പൊടിച്ചു വന്നു
നേർത്തുള്ള കൊമ്പു മുരത്തതായി '
ഓർത്താലതിശയമന്നുമിന്നും!

ഓരോ ഋതുക്കൾ കടന്നു പോയി
ഓരോരോ മാറ്റങ്ങൾ വന്നു പോയി
മാവു വളർന്നതിൽ പൂവു വന്നു.
മാദക ഗന്ധം പരത്തിനിന്നു
വണ്ടുകൾ കൂട്ടമായ് വന്നു ചേർന്നു
പൂമധുവേറെ നുകർന്നകന്നു.
പൂങ്കല മാങ്കുലയായിടുന്നു
മാങ്ങ പഴുത്തു മണം പകർന്നു
തെക്കൻ കാറ്റ് മണം നുകർന്നു
ആദ്യത്തെ മാമ്പഴം താഴെ വീണു!.

ആരാണെടുക്കുവാൻ ആരാണെടുക്കുവാൻ
തേന്മാവിൻ മർമ്മരം കാതിലെത്തി
തെക്കെ ഇറയത്തിരുന്നു കൊണ്ടെന്നച്ഛൻ
നോക്കുന്നു തേന്മാവിൽ നന്ദിപൂർവം!
എന്നുണ്ണിക്കണ്ണന്റെ കൈകളിൽ മാമ്പഴം!
കണ്ണുകൾക്കാനന്ദമേകിടുന്നു!

-അയ്യമ്പുഴ ഹരികുമാർ -
 2005 ആഗസ്റ്റ്

Tuesday 21 February 2017

ഓമലേ ഹൃദയ ദേവതേ വരിക

ഓമലേ ഹൃദയ ദേവതേ വരിക
പ്രാണനിൽ പ്രിയസഖീ നീ,
സ്നേഹലോലുപേ സാമഗായികേ ,
മോഹനാംഗമലരേ,
പൂനിലാവലയിലും,
പൂന്തേനരുവികളിലും, 
പൂങ്കിനാവുകളാൽ
പൂമേനിയാളലഞ്ഞു: ..
പാരിജാത മലരേ 
പൂന്തിങ്കൾ തോൽക്കുമഴകേ, 
പാതിരാവിൻ കനവേ നീ , 
പൂനിലാവിന്നഴകേ / പോരികെന്റെ കവിതേ

Monday 20 February 2017

പാടുവാനേറെക്കൊതിയാണെ...


പാടുവാനേറെക്കൊതിയാണെനിക്കെന്നും,
 പാരിജാതം പൂവിടുമ്പോൾ,
 കേൾക്കുവാനെങ്ങു നീ ഓമലേ ,
നീയിപ്പോൾ ഏതു വിദൂരത്തിരിപ്പൂ ''...

നിന്നെ നിരൂപിച്ചു കാത്തിരിപ്പാണ് ഞാൻ,
വൈകാതെ വന്നിടൂ പ്രാണസഖീ,
പാരിതിൽ നീ മാത്രം നീ മാത്രമാണെന്നും
പാരിതിൽ സ്നേഹം നിറച്ചൂ' .....

വിണ്ണിലെയമ്പിളി വന്നുചിരിച്ചിട്ടും
 നക്ഷത്രക്കന്യകൾ നാണിച്ചു നിന്നിട്ടും,
ആകാശ ഗംഗയിൽ ആരോ  ക്ഷണിച്ചിട്ടും
നിന്നേക്കുറിച്ചേഞാൻ ഓർത്തതുള്ളൂ.

വന്നാലും മേഘമേ തിരികെ വന്നാലും.

വന്നാലും മേഘമേ തിരികെ വന്നാലും.
ഞാൻ ചെയ്‌ത തെറ്റുകൾ പൊറുത്തു ക്ഷമിക്കണേ !
പുതുമഴ പെയ്തപ്പോൾ നാമ്പിട്ട പൂന്തോപ്പിൽ
പൂക്കൾ വിരിയാൻ കൊതിച്ചുനില്ക്കേ!
പൂക്കളിൽ തേനൂറും നാളെണ്ണി വണ്ടുകൾ
പൂമൊട്ടുതോറും തഴുകി നില്ക്കേ,

മഴമേഘമെന്തോ നിനച്ചു മടങ്ങിപ്പോയ്,
വിരിയാതെ മൊട്ടും കരിഞ്ഞു പോയി.
മൊട്ടു തഴുകി കഴിഞ്ഞൊരാ വണ്ടിന്റെ
സ്വപ്നമോ, ചിതയിൽ പതിച്ചുപോയി.

'ഇനിയും തുടരില്ല' മഴയെന്ന് കേട്ടപ്പോൾ
ഇടിവെട്ടേറ്റെന്ന പോൽ നിന്നു പോയി
കണ്ണീരിൻ ഉപ്പു കലർന്ന് കുതിർന്നിട്ടും മണ്ണിന് ചൂടേറി വന്നു.
 ഒരു പിടിചാരമായ് ചിതയിൽ പിടഞ്ഞവർ
'സഞ്ചിത' പുണ്യം ശ്വസിച്ചിരിപ്പൂ - അവർക്കിന്നും
'സഞ്ചിത' സ്വപ്നങ്ങൾ കൂട്ടിരിപ്പൂ.

ഈ സുന്ദര ഭൂമിയേക്കാൾ  മനോഹരം
സ്വർഗം ക്ഷണിച്ചിട്ടു പോലും,
ആത്മക്കളാരും മടങ്ങാതെ മണ്ണിനെ
'കെട്ടിപ്പുണർന്നു കിടപ്പൂ '
നന്മഴമേഘം വരും, സ്നേഹപ്പൂമഴ വീണ്ടും ചൊരിയും.
പൂന്തോപ്പിൽ പച്ച മുളയ്ക്കും, സ്വപ്നത്തിൻ
പൂവാടി വീണ്ടും തളിർക്കും, പിന്നെ പൂക്കും പൂന്തേൻ കിനിയും.
പെയ്യാതിരിക്കുവാനാവില്ലവൾക്കെന്ന് നന്നായറിയുന്നു ഞാൻ.

വന്നാലും മേഘമേ മണ്ണിന്റെ ദാഹമകറ്റാൻ നീയല്ലാതാരുണ്ട് വേറെ!
അമൃതവർഷങ്ങളായ് വന്നു നിറച്ചാലും,
നിൻ കാരുണ്യമില്ലാതീ ഭൂമിയിൽ പുൽക്കൊടി പോലും പുലരുകില്ല.
ആർത്തിയാൽ 'തെറ്റെ'ന്ന് ചെയ്തവയെല്ലാം ക്ഷമിച്ചാലും.
'ദാഹമത്രയ്ക്ക്' വന്നു പോയ്.
ഘോര തപം ചെയ്ത് ഗംഗയെ സാധിക്കാൻ
വീരൻ ഭഗീരഥനല്ല ഞാൻ,
ദാഹാർത്താനാം ദേഹി!
വന്നാലും മേഘമേ! തിരികെ വന്നാലും !.

-അയ്യമ്പുഴ ഹരികുമാർ - (19 -02 -2017 )

Sunday 19 February 2017

മാവേലി നാടു വാണീടും കാലം

പണ്ടു പണ്ടു മാമലനാട്ടില്‍ 
മാവേലി നാടു വാണീടും കാലം
മലരണിക്കാടെന്നും പൂത്തകാലം 
മലയാളനാടിന്‍വസന്തകാലം.

വര്‍ഷംകഴിഞ്ഞാല്‍ പുതുവര്‍ഷമാകുമ്പോള്‍ 
പൂവിളിഎങ്ങുമുയരും കാലം 
തുമ്പമൊഴിഞ്ഞു പൂത്തുമ്പയെല്ലാം 
പുഞ്ചിരിതൂകി നിറയുംകാലം 
എങ്ങും പുഞ്ചിരിതൂകി നിറയുംകാലം.

കൊയ്ത്തു കഴിഞ്ഞു നല്പാട്ടുമായ് പൈങ്കിളി 
നാടുനീളെ തുടികൊട്ടും കാലം.
നാരായണക്കിളികള്‍ നീരാടിപ്പൂചൂടി 
പഴങ്കഥ പാടുന്ന കാലം എന്നും 
പഴങ്കഥ പാടുന്ന കാലം.

ദൂതനായ്‌ പോകുന്നത് ആര്

പൊന്നോണ നാട്ടിലെ പൂന്തെന്നലിന്നലെ
സ്വര്‍ഗത്തിലേക്കൊന്നു ദൂതു പോയി;
ശ്രാവണം വന്നു പിറന്നതറിയിക്കാന്‍
ആവണിത്തുമ്പിയെ കൊണ്ടുപോരാന്‍ .

പോകും വഴികളില്‍ താമരച്ചോലകള്‍
തുമ്പിക്കു നല്‍കാന്‍ സുഗന്ധമേകി;
 മുറ്റത്തു നില്‍ക്കുന്ന തുമ്പയോ കുമ്പിളില്‍
പുഞ്ചിരിപ്പാലും പകര്‍ന്നു നല്‍കി.

ആനകേറാമല ആളുകേറാമല
എല്ലാം കടന്നപ്പോള്‍ സ്വര്‍ഗമായി !
ദൈവത്തിന്‍ നാട്ടിലെ ദൂതനെ കണ്ടപ്പോള്‍
പൂത്തുമ്പിക്കാഹ്ലാദമേറെയായി .

പൊന്നോണപ്പൂത്തുമ്പി ചോദിച്ചു

പൊന്നോണ നാട്ടിലെ തെന്നലിനോട്
പൊന്നോണപ്പൂത്തുമ്പി ചോദിച്ചു
പൊന്നോണപ്പൂത്തുമ്പ എന്നിനി പൂവിടും
പൊന്നോണ പൂക്കളമെന്നെഴുതും ?
പൊന്നാര്യന്‍ പാടത്ത് പൊന്‍ കതിര്‍ കൊയ്യണ
പെണ്ണാളിന്‍ കല്യാണമെന്നാണ്
പൂമാരനോടൊപ്പം ഉഞ്ഞാലിലാടുവാന്‍
പൊന്നൂഞ്ഞാല്‍ കെട്ടുന്നതെന്നാണ്‌ ?
പൊന്നോണക്കൊടിയായ് പൂമ്പട്ടുടുക്കുന്ന
മുക്കുറ്റി പൂവിടും കാലമായോ
പൂവേ പൊലിപാടി പൂങ്കാവുകള്‍ തേടി
പൂമ്പാറ്റകള്‍ പാറും കാലമായോ ?

ആര്‍ക്കാണേറെ ചന്തം !

നീല മേഘം ചാലിച്ചുകണ്ണെഴുതും
കാക്കപ്പൂവിനു ചന്തം !
മുത്തുക്കുട ചൂടി മുറ്റത്തു നില്‍ക്കുന്ന
മുക്കുറ്റിപ്പൂവിനും ചന്തം .
മുത്തൊളി ചിന്നും മുല്ലപ്പൂവിനോ
തുമ്പപ്പൂവിനോ ചന്തം
ആരറിയുന്നു ആയിരം പൂക്കളില്‍
ആര്‍ക്കാണേറെ ചന്തം !
ഈരേഴുലകവും ചുറ്റിവരുന്നൊരു
കുഞ്ഞിക്കാറ്റ് പറഞ്ഞു
പൂക്കളമാകെ നിരന്നാലൊരുപോല്‍
എല്ലാവര്‍ക്കും ചന്തം.

അത്തം പത്തിനു പൊന്നോണം

അത്തം പത്തിനു പൊന്നോണം
മുറ്റത്തെല്ലാം പൂവേണം
പൂക്കളിറുക്കാന്‍ പോകേണം
പൂവിളി എങ്ങും കേള്‍ക്കേണം
പൂവേപൊലി പൂവേ പൊലി  പൂവേ പൊലി  പൂവേ ..
പൂവേപൊലി പൂവേ പൊലി  പൂവേ പൊലി  പൂവേ ..
  
.... .... .... ..
ഓണത്തപ്പനെ  എതിരേല്‍ക്കാന്‍ !
തിരുവോണത്തിനു വരവേല്‍ക്കാന്‍ !
വാനമൊരുങ്ങീ ഭൂമിയൊരുങ്ങീ
മാവേലിനാടുമൊരുങ്ങീ
വാര്‍മിഴിയാളുമൊരുങ്ങീ  
 
മുറ്റത്തെ  പൂക്കളത്തില്‍  മാതേവരെഴുന്നെള്ളി 
മാതേവര്‍ക്കരികിലായ്  മാവേലി  എഴുന്നെള്ളി 
മാലോകര്‍ക്കഴല്‍  മാറിമാനസം  തുടികൊട്ടി !
ആഹ്ലാദമണപൊട്ടി  ആനന്ദസമുദ്രമായ് !

ഗോപാലസ്തവം

 ഗോപാലസ്തവം 
കൃഷ്ണ കൃഷ്ണ മുകുന്ദ മാധവ !
വൃഷ്ണി വംശ മഹാ മണേ !
വേണുവൂതി രമിക്കുമാമുഖ-
മെന്നുമോർമ്മയിൽ ചേർക്കണം. (കൃഷ്ണ കൃഷ്ണ)

ബാല ലീലകളാടിയാടി നീ
ഗോകുലങ്ങളിൽ വളരവേ
ലോകരേവരും കണ്ടു വിസ്മയം
നിന്റെയത്ഭുതലീലകൾ.

മണ്ണു വാരി നീ വായിലിട്ടതു
കണ്ടു വന്ന യശോദയെ
കാട്ടിയൻപൊടു വാ പൊളിച്ചു നീ
എഴുരണ്ടുലകങ്ങളെ.

കാല സർപ്പമാം കാളിയന്റെ
ശിരസ്സുലച്ച നിൻ വിക്രമം
കംസനെന്നൊരു ദാനവന്റെ
കരുത്തൊടുക്കിയനുക്രമം.

ഗിരിയുയർത്തി നിറഞ്ഞു നിന്നു നീ
മാരിയൊന്നു തടുക്കുവാൻ
ഗോകുലങ്ങളെ കാത്ത കണ്ണനെ
കൈകൾ കൂപ്പി സ്തുതിച്ചിടാം.
         
                 - അയ്യമ്പുഴ ഹരികുമാർ

കേശാദി പാദവർണ്ണന

കേശാദി പാദവർണ്ണ 
ണി കാണേണം കണ്ണാ  കണി കാണേണം
 അമ്പാടി കണ്ണനെ കണി കാണേണം (2 )

പീലിത്തിരുമുടിക്കെട്ടും 
നെറ്റിയിൽ ഗോപീ ചന്ദനക്കുറിയും 
കുറിയെ മറയ്ക്കുന്ന കുറുനിരയും 
രാജീവം വിടരുന്ന നയനാഭയും
                                                     (കണി കാണേണം) 
കാതിൽ വിളങ്ങുന്ന മണികുണ്ഡലങ്ങളും
ചുണ്ടിൽ  വിരിയുന്ന പുഞ്ചിരിയും 
മാറിൽ തെളിയുന്ന ശ്രീവത്സവും
മിന്നുന്ന നവരത്ന ഹാരവും   
                                                    (കണി കാണേണം)
പൊന്നോമൽ കൈയിലെ മുരളികയും
 മഞ്ഞപ്പട്ടാടയും അരമണിയും 
കാൽത്തളിരിണയിലെ കാൽച്ചിലമ്പും 
കാർമേഘവർണ്ണാ നിൻ പൂമേനിയും 
 
                                                     (കണി കാണേണം)
       ------------------------------

കണ്ണനെ കാത്ത്

കണ്ണനെ കാത്ത്
കണ്ണനിന്നും വന്നതില്ലെൻ സ്നേഹയാമിനീ....
കണ്ടതെല്ലാം പാഴ് കിനാവോ ശ്യാമയാമിനീ....
പോകയാണോ നീയുമിന്ന്, ഏകയായി ഞാനിവിടെ...
കനിവെവിടെ ...? മുരളീധരാ ....
മനതാരിൽ മോഹഭംഗം?

അന്നു രാവിൽ നീ വരുമ്പോൾ
എന്റെ മോഹവീണ പാടി
എന്നെ നിന്റെ വേണുവാക്കി
ഞാൻ തളർന്നുവീണുറങ്ങി
എന്റെ സ്വപനസീമകളിൽ നിന്റെ രൂപമൊന്നുമാത്രം
എന്റെ കാതിലന്നുമിന്നും നിന്റെ വേണുഗാനം മാത്രം

കാളിന്ദീ ലതാ നികുഞ്ജം ഓർത്തു നില്പൂ നിന്റെ ഗാനം
കോകിലങ്ങളോർത്തുപാടും നിന്റെ പ്രേമ ഗാനരാഗം
നിന്റെ ഗാനം കേട്ടിടുമ്പോൾ പൂവിടും കടമ്പിൻ ചോട്ടിൽ
നിന്നെമാത്രമോർത്തു ഞാനും കാത്തിരിപ്പൂ രാവുകളിൽ

-അയ്യമ്പുഴ ഹരികുമാർ -   12-09-1998
സംഗീതം - സെൽവം

Friday 17 February 2017

പൂവും പൂത്തുമ്പിയും

പൂവും പൂത്തുമ്പിയും

പൊന്നോണപ്പൂവൊന്നു പുഞ്ചിരിച്ചു
പൂത്തമ്പി വന്നൊന്നു ചുംബിച്ചു
പൂമിഴി മെല്ലെയടഞ്ഞു
പൂവേ നിൻ മോഹമറിഞ്ഞു.

പൂവാട മെല്ലെയഴിഞ്ഞ നേരം
പൂമേനി കണ്ടൊന്നറിഞ്ഞ നേരം
പൂത്തുമ്പിക്കുള്ളിൽ അമൃതവർഷം
എനിക്കായ് വിടർന്നാലും പൂവേ
പൂവിന്റെയുള്ളിൽ നവ്യ ഹർഷം

പൂന്തേൻ കിനിയുന്ന പൂവധരം
പൂത്തുമ്പിക്കേകുന്നു തൂ മധുരം
പൂവമ്പനറിയാത്ത പൂമ്പരാഗം
പൂത്തുമ്പി തൊട്ടപ്പോൾ പൂത്ത രാഗം

-അയ്യമ്പുഴ ഹരികുമാർ -