Monday 18 November 2019

സുപ്രഭാതം പൂവേ
-അയ്യമ്പുഴ ഹരികുമാർ
സുപ്രഭാതം പൂവേ സുപ്രഭാതം !
നീ വിരിഞ്ഞാവൂ സുഗന്ധാത്മികേ!
മധുരം നിറഞ്ഞ നിൻ പൂഞ്ചഷകം
മുകരുവാൻ മധുപൻ പറന്നണഞ്ഞു.

മധുരം പകരുകയല്ലേ പൂവേ
നിന്നുടെ ദൗത്യമെന്നോതിയാലും!
ഗന്ധം പകർന്നാത്മദീപ്തിയാലെ
പാരിനെ നീ സ്വർഗ്ഗമാക്കുയോ?

ശ്രാന്തനായ് വന്ന വഴി പോക്കനും
കണ്ണിനാനന്ദാമൃതം പകർന്നും
വിണ്ണവർക്കും മണ്ണിൽ വന്നിറങ്ങാൻ
നീയേ പ്രതീക്ഷ കൊടുത്തു പൂവേ!

നിന്നോളമാർക്കുണ്ട് കാരുണ്യവും
കാതരഭാവ വിലാസങ്ങളും!
നിന്നോളമാരിൽ കനിഞ്ഞുനല്കി
ആത്മചൈതന്യ പ്രഭാവമീശൻ !

വേദനയേറ്റവർക്കാനന്ദമായ്
വേദനയാറ്റുന്ന പിയൂഷമായ്
നിൻ ദലസ്പപർശ സൗഭാഗ്യമേകാൻ
നിന്നെയീ പാരിലയച്ചതീശൻ.

നിന്നെക്കൊതിച്ചവർ പിന്നെ വേറെ
സ്വർലോകമൊന്നും കൊതിക്കുകില്ല.
നിൻ കരലാളനമേറ്റവരും
വേറൊന്നും  ചിന്തിച്ചു പോവതില്ല.

നിൻ മൃദുസ്മേരങ്ങൾ കണ്ടവരോ
കണ്ണൊന്നു ചിമ്മുകപോലുമില്ല.
നിൻവിളി പൂവിളി കേട്ടവരോ
എല്ലാം മറന്നു ലയിച്ചു നില്ക്കും!

നിന്നെക്കുറിച്ചോർമ്മ വന്നീടുകിൽ
സ്വർഗത്തിലെത്തിയപോലെ തോന്നും!
നിന്നരികത്തങ്ങണഞ്ഞീടുകിൽ
മോക്ഷപദം പൂകിയെന്നപോലെ!.

------------------------------------------------------
18 നവംബർ 2019