Sunday 9 August 2015

അമ്മ എന്നമ്മ (കവിത)

അമ്മ എന്നമ്മ

ഭാരത വർഷത്തിലെ ഭാർഗവ ക്ഷേത്രത്തിങ്കൽ
മിഥുനമാസത്തിലെ ശാന്തി മുഹൂർത്തത്തിൽ
ലോകമുണരാനായ് വെമ്പിയ നേരത്ത്
ബ്രഹ്മാവിഷ്ണു മഹേശ്വരർ അൻപോടു
ധർമ്മപത്നീ സമേതരായ് സാക്ഷിയായ്
നിൽക്കുമാ ബ്രാഹ്മമുഹൂർത്തത്തിൽ,
നന്മഴത്തുള്ളിയെ നൽച്ചിപ്പിയെന്ന പോൽ
എന്നമ്മയന്നെന്നെ ആവാഹിച്ചു
അച്ഛന്റെ സ്നേഹ പ്രതീകമെന്നോർത്തെന്നെ
ആരാരും കാണാതെ ഓമനിച്ചു.
അമ്മ തൻ വാത്സല്യമേറെ നുകർന്ന ഞാൻ
അച്ഛനെ കാണാൻ കൊതിച്ചു;
പേറ്റുനോവേറ്റമ്മ ആദ്യമായ്,
ഭൂമിയിൽ ഞാനും പിറന്നു .
.........................................................

എന്നെക്കുറിച്ചേറെ സ്വപ്നങ്ങൾ നെയ്തവ-
യെല്ലാമൊരുമിച്ചു ചേർത്തു വിതാനിച്ച
നെഞ്ചോടു ചേർത്തിളം ചൂടു പകർന്നതും
സ്നേഹവാത്സല്യങ്ങൾ പാലമൃതാക്കിയെന്‍
ചുണ്ടോടു ചേർത്തു ചുരത്തിപ്പകർന്നതും
പിച്ച നടത്തിയെൻ പാദങ്ങളെ
പച്ചമണ്ണോടു ചേർത്തു കരുത്തു പകർത്തിയും
കണ്ണിലായ് ധർമ്മത്തിൻ ദീപം കൊളുത്തിയും
വിണ്ണോളമെൻ കീർത്തി പൊങ്ങുവാൻ പ്രാർഥിച്ചും
കൈയ്യിൽ കരുത്തേറും വാളും പരിചയും
ധർമ രക്ഷയ്ക്കായി തന്നു പദേശിച്ചും
എന്നോടു ചേർന്നു കളിച്ചും ചിരിച്ചും
പുരസ്കാര വാക്യങ്ങളേറെച്ചൊരിഞ്ഞും
സ്നേഹത്തുടിപ്പായി,
വേദനയ്ക്കുള്ളോരു സിദ്ധൗഷധമായി,
സങ്കടം തീർക്കുന്ന സാന്ത്വന ഗീതമായ്
എന്നെ പൊതിഞ്ഞു പൊതിഞ്ഞു സൂക്ഷിച്ചതും
എന്നമ്മ മാത്രമായിരുന്നു.
.........................................................
കൊടിയ ദാരിദ്ര്യം കൊടികുത്തി വാണതാം
നെടിയ നാളത്തെ ശനിബാധയേറ്റിട്ടും
തളരാതെ, തകരാതെ, സൂര്യതേജസാർന്നെ -
ന്നച്ഛനോടൊപ്പം പണിയെടുക്കുമ്പോഴും
പുഞ്ചിരി തൂകി നിലാവിനെപോലെന്റെ -
യുളളിൽ വിവേകം വിരിയിച്ചു തന്നതും,
അച്ഛന്റെ ചെയ്തിപ്രശംസാപരമെന്നു
പേർത്തും പറഞ്ഞു പിതൃ ഭക്തി വളർത്തിയും,
മാതൃകാ മാതാവായെന്നിൽ നിറഞ്ഞതും
എന്നമ്മ മാത്രമായിരുന്നു.
.........................................................
ഇന്നറിയുന്നു ഞാൻ മാതൃമഹത്വത്തെ
നന്മ നിറഞ്ഞതാം നിർമ്മല സ്വരൂപത്തെ!
ഉണ്മയും മണ്ണും വിണ്ണും അണ്ഡകടാഹങ്ങളും
നിന്നിൽ നിന്നല്ലോ പിറന്നൂ ജഗന്മാതേ!
വിണ്ണിലെ താരങ്ങളും മണ്ണിലെ പൊൻ പൂക്കളും
നിന്നുടെ കടാക്ഷങ്ങളെന്നു ഞാനറിയുന്നു.
ഭൂതവും ഭാവിയും വർത്തമാനവും നീയാണല്ലോ
വിശ്വ മാതാവേ നിനക്ക് സാഷ്ടാംഗ നമസ്കാരം.
-അയ്യമ്പുഴ ഹരികുമാർ -