Friday, 15 December 2017


ഗാനം 10 
എത്ര സുന്ദരമെന്റെ ദേശം
ധവള ഹിമഗിരി ശോഭിതം
സിന്ധു ഗംഗാ തുംഗ ഭദ്രകൾ
തഴുകി ഒഴുകും ഭാരതം.

കുങ്കുമങ്ങൾ പൂവിടുന്ന
ഹരിതസുന്ദര സാനുവിൽ
കിളി കുലങ്ങൾ പാടിടുന്നു
പുണ്യചരിത-ഗീതകം.

കേര- കദളീ-വനനിരകൾ
കതിരു ചൊരിയും കൃഷിയിടങ്ങൾ,
സസ്യശ്യാമള പൂർണമാമെൻ
ഭാരതം അതിസുന്ദരം.
----------------------------------
 
ഗാനം 9 
സ്വാതന്ത്ര്യമെന്റെ ജന്മാവകാശം (സ്വാതന്ത്ര്യമാണെന്റെ )
പാരിൽ ജനിച്ചപ്പോൾ കൈവന്ന സൗഭാഗ്യം/ഭാഗ്യം
നേരിനും നേരായൊരീശ്വര സാന്നിധ്യം
നേരായ് നടപ്പതിൻ സഞ്ചിത പുണ്യം.

അമ്മിഞ്ഞപ്പാലൊപ്പം നിർമ്മല മാധുര്യം,
അമൃതം പോൽ അമരത്വമേകുന്ന വൈഭവം;
അച്ഛനുതുല്യം അഭയപ്രദായകം,
ആകാശം പോലെ വിശാലം മനോഹരം.

 വെണ്ണയെക്കാളേറെ മാർദ്ദവമോലുന്ന,
വെൺമതിയേക്കാൾ ശീതളമേകുന്ന,
ആത്മചൈതന്യ പ്രഭാവം നിറയ്ക്കുന്ന,
വിശ്വാത്മ ശക്തി-ഈ സ്വാതന്ത്ര്യ ഭാവം.

 -------------------------------- ---------------------------

ഗാനം 8 
ഹിമഗിരി ശൃംഗം ഉത്തുംഗം
ഭാരത മാതുർമണിമകുടം
ഗംഗാ യമുനാ സിന്ധു സരസ്വതി
പ്രവഹതി മാതുർ-ഹൃദയതടം.

കാശ്മീരാദി മഹോന്നത ദേശേ
വികസന്ത്യധുനാ കുസുമാനി.
ഗായന്ത്യചിരാത് താനി സുമാനി
വന്ദേമാതരഗാനാനി.
(വന്ദേമാതരം.... വന്ദേമാതരം..... സുജലാം സുഫലാം മലയജശീതളാം) (ഹിമഗിരി)

ആരബ -വംഗ -മഹോദധിനായുത
 ഹിന്ദുസമുദ്രോ സ്തൗതി ചിരം താം.
തസ്യ തരംഗകരേണ ഹാരേണ
അർച്ച്യതേ മമ ഭാരത മാതാ.

------------------------------------
 

ഗാനം 7 
 ഉണർന്നുയർന്നു വന്നിടുന്നു ഭാരതത്തിൻ പൗരുഷം
അജയ്യശക്തിയാർന്നിതാ വരുന്നു കീഴടക്കുവാൻ

ഹിമാലയം കണക്കുയർന്ന സ്വാഭിമാനമസ്തകം,
കയ്യിലേന്തിടും ധ്വജം പറന്നുയർന്നിടുന്നിതാ.

 ശത്രുവെ തുരത്തുവാ-നധർമ്മനാശമേകുവാൻ
കാത്തു വച്ച സ്വാതന്ത്ര്യത്തെ കാത്തു കാത്തു വയ്ക്കുവാൻ

പൂർവ പശ്ചിമങ്ങളിൽ ദക്ഷിണോത്തരങ്ങളിൽ
പൂർവികർ പടുത്തുയർത്ത സംസ്കൃതിക്കു കാവലായ്

 ഉയിർ കൊടുത്തു വീണ്ടടുത്ത ഭാരതത്തിൻ ചേതന
പരിതിൽ പ്രകാശമാനമാകുവാൻ നിതാന്തമായ്.
----------------------

ഗാനം 6 
സ്വർണക്കതിരുകൾ വിളയും പാടം, വിത്തു വിതച്ചു വിണ്ണവർ മണ്ണിൽ,
Male സ്വാതന്ത്ര്യത്തിൻ വായു ശ്വസിച്ച് നെന്മണി പൊട്ടിമുളച്ചു.
FM സ്വാതന്ത്ര്യത്തിൻ തേനമൃതുണ്ടു വളർന്നുതുടങ്ങീ മണ്ണിൽ.
സ്വാതന്ത്ര്യത്തിൻ സ്വർണ്ണക്കതിരുകൾ വിളയട്ടെ തെയ് തകതാരാ
തെയ് തകതാരാ തെയ്താരാ തെയ് തകതാരാ തെയ് താരാ

കള്ളക്കളകൾ വളർന്നാൽ ഉടനവ പറിച്ചു മാറ്റീടാൻ
വെള്ളം തേവി നനച്ചു വളർത്താൻ, വളവും തൂവാനായ്
കരുത്തരായ പണിയാളന്മാർ കടുത്തു നിൽക്കുമ്പോൾ;
തടഞ്ഞു നിർത്താൻ ആരുണ്ടിവിടെ? കാണട്ടെ ഞങ്ങൾ !

കതിരുകൾ പൊട്ടാറായ് പുത്തൻ നിറകതിർ വരവായി.
പതിരില്ലാത്തൊരു കതിർ കാണാനായ് കാത്തിരിക്കുമ്പോൾ
മുന്നിൽ നിന്നോ- പിന്നിൽ നിന്നോ- ഒളിഞ്ഞു വന്നാലും
കൊയ്തെടുക്കാൻ നോക്കേണ്ടാരും ഞങ്ങടെ സ്വാതന്ത്ര്യം.

 --------------------------

ഗാനം 5
ഭാരത മണ്ണിൽ ജനിച്ചവരെല്ലാം
വീരശൂരപരാക്രമികൾ
ഭാരത നാടിൻ മാനം കാക്കാൻ
രക്തം ചീന്തും ധീര ഭടന്മാർ
Chorus ['ഭാരത ജനനീ ജയ ജനനീ   ജയ ജയ ജനനീ മമ ജനനീ ]

രാവും പകലും മിഴി ചിമ്മാതെ,
മഴയും വെയിലും വകവെയ്ക്കാതെ,
പ്രതിബന്ധങ്ങളിൽ അടിപതറാതെ,
അടരാടുന്നവർ ഭാരതവീരർ.

ശോണിതമുറയും ഹേമന്തങ്ങളിൽ
ജ്വലിച്ചു നില്ക്കും ഗ്രീഷ്മങ്ങളിലും
പശിയും ദാഹവും ഓർക്കാതെന്നും
കാവൽ നില്പൂ വീരഭടന്മാർ.

 - - - - - - - - - - - - - -

ഗാനം 4
ഉയരും - കൊടിയുയരും
മൂവർണ്ണക്കൊടി ഉയരും
മൂലോകങ്ങൾക്കപ്പുറമിനിയും
പടരും - പ്രഭ പടരും.

 കടലും - കൊടുമുടിയും
കടന്നു കയറും കീർത്തിരഥം
ദേശാന്തരങ്ങളാരാധിക്കെ
തുടരും - ഈ ദിഗ്വിജയം.

ഹൃദയം - അനുനിമിഷം
രാഷ്ട്ര ചിന്തയിൽ മേവുമ്പോൾ,
വിളിക്കയാണിന്നീവിശ്വം
വിജയം- എൻ ദിഗ്വിജയം.
------------------------

ഗാനം 3 
പുണ്യഭൂമി- ഭാരത ഭൂമി
മണ്ണിൽ മഹിമ പുലർന്ന ഭൂമി
വിണ്ണിലെ മലർവാടിപോലും
സ്വപ്നം കാണുവതെന്റെ ഭൂമി.

മേഘമാലകൾ തൊട്ടു തഴുകും
മോഹനം ഗിരിനിരകളും,
താമരപ്പൂഞ്ചോലകൾക്ക്
കാവലായളി വൃന്ദവും.

ചന്ദനപ്പൂങ്കാറ്റ് മുളയിൽ'
പാട്ട് മൂളും സാനുവും,
കുങ്കുമപ്പൂമ്പൊട്ടു തൊട്ടതാം
അരുണ-സന്ധ്യാ-വാനവും.
 ------------------------
 2017 ആഗസ്ററ് 14 ന്   ആകാശവാണി കേരളനിലയങ്ങൾ പ്രക്ഷേപണം ചെയ്‌ത വന്ദേ ഭാരത ജനനീ  എന്ന സംഗീത ശില്പത്തിലെ ഗാനം 1

ഗാനം 2 
പാടാമിനിയൊരു ഗാനം
ഭാരതമുണരാനിനിയൊരു ഗാനം,
പുഴയും മലയും പൂങ്കാവനവും
ഉണർന്നെണീക്കാനൊരു ഗാനം.

ഉള്ളിലുറങ്ങും ഉന്നത ശക്തികൾ
തിമർത്ത് പൊന്തും ഈ മണ്ണിൽ
ഉയിർ കൊള്ളട്ടെ ധീര ജവാന്മാർ
ഭാരതാംബയെ കാത്തിടുവാൻ.

ഉദിച്ചുയർന്നിട്ടുജ്ജ്വലമാകാൻ,
ഭാരതമണ്ണിൻ യശസ്സു കാക്കാൻ,
ധീര ഭഗീരഥരാവാൻ, - ഭാരതർ
ഉണർന്നെണീറ്റിടാൻ -

-------------------------

ഗാനം 1
 സ്വാതന്ത്ര്യത്തിൻ പുലരി വിരിഞ്ഞു
പാവന ഭാരതവീഥിയുണർന്നു
ചിറകു കുടഞ്ഞു പറന്നൂ വാനിൽ
മൂവർണക്കൊടി വീണ്ടും.

ഉയരുകയായീ കളകണ്ഠങ്ങളിൽ
വന്ദേമാതര ഗാന രസം
നിറയുകയായി ഹൃദയം നിന്നുടെ
നിസ്തുല മഹിമാ പൂർണ്ണ രസം.

ഗിരി ശിഖരങ്ങളിൽ തരുനികരങ്ങളിൽ
വിടരുകയായ് സുമഭാവങ്ങൾ
പുത്തനുഷസ്സിൻ പുതുഗന്ധങ്ങൾ
പടരുകയായ് ശുഭസൂചകമായ്.
 ------------
2017 ആഗസ്ററ് 14 ന്   ആകാശവാണി കേരളനിലയങ്ങൾ പ്രക്ഷേപണം ചെയ്‌ത വന്ദേ ഭാരത ജനനീ  എന്ന സംഗീത ശില്പത്തിലെ ഗാനം 1