Showing posts with label Poem. Show all posts
Showing posts with label Poem. Show all posts

Saturday, 25 February 2017

സ്നേഹ നിമന്ത്രണം.

 സ്നേഹ നിമന്ത്രണം.
വൃന്ദാവനസീമയിൽ എവിടെയോ
ഇതുവരെ കാണാത്ത പൂവിൻ നിമന്ത്രണം.
ചിറകു വിരിച്ചു പറന്നു ഞാനെത്തുവാൻ
ഏറെ കൊതിച്ചു വിളിക്കയാണിന്നവൾ.
കേൾപ്പൂ ഞാൻ അവളുടെ ധ്യാനനിമന്ത്രണം !
വൈകില്ലെന്നോമലേ, വരികയായ് ....

ഉമ്മ വച്ചാ ദളങ്ങൾ വിടർത്തുവാൻ,
വാരിപ്പുണരുവാൻ, നിന്നിലെ ഗന്ധം ശ്വസിക്കുവാൻ,
സ്നേഹ രസങ്ങൾ നുണയുവാൻ,
നിന്നെയെന്നിലേക്കാവാഹിക്കുവാൻ
ഗാനഗന്ധർവനായ് വന്നീടുമീ ഞാൻ.

കാട്ടു മുളയിലെ രന്ധ്രങ്ങളിൽ
ചുണ്ടാൽ ഏറെ പാട്ടു മൂളിക്കഴിഞ്ഞ ഞാൻ,
വറ്റാത്ത നിൻ സ്നേഹ നിർഝരിയിൽ വന്ന്,
സർവ്വ രന്ധ്രങ്ങളും പുൽകി, പിന്നെ കാവ്യരസത്താലവ നിറച്ച്
നിന്നിലെ കാമന തൊട്ടുണർത്തി,
സ്വർഗ്ഗീയാനന്ദ ഗംഗയിൽ മുങ്ങി നിവർന്ന്
ക്രീഡാരസത്തിലലിയിച്ച് പൂവേ..
ആത്മനിർവൃതി കൊള്ളാൻ കൊതിച്ചു പോയ് .

നിന്നെ ധ്യാനിച്ച് നിന്നെ കൊതിച്ചു
മതിയിൽ  മയങ്ങി കഴിയുന്നു ഞാൻ പൂവേ...
നിന്നിലേക്കല്ലാതെ വേറൊരു യാത്ര ?
നീയില്ലാതില്ലൊരു യാത്ര.!
ഈ യാത്രയിൽ നീയേ വെളിച്ചം
ഉള്ളിന്റെയുള്ളിൽ തെളിച്ചം.
ആപാദചൂഢം മധുരം കിനിയും നിൻ
എവിടെയാണാദ്യമായ്  ചുംബിച്ചിടേണ്ടൂ ഞാൻ
 അമൃതനിഷ്യന്തിയാം നിന്നുള്ളം
 തെല്ലുമൊളിക്കാതെന്നോമലേ..

അയ്യമ്പുഴ ഹരികുമാർ - 25 -02 -2017
 

Wednesday, 22 February 2017

ആദ്യത്തെ മാമ്പഴം


ആദ്യത്തെ മാമ്പഴം

തെക്കെ മുറ്റത്ത് തെച്ചിക്കരുകിലായ്
അച്ഛൻ പണ്ടൊരു മാവു നട്ടു.
ഉച്ചവെയ് ലേറ്റു തളർന്ന തൈമാവിനെ
തെച്ചി തണലേകി താലോലിച്ചു
വെള്ളം നനച്ചു പൈദാഹമകറ്റി,യാ
മാവിനെ യെന്നമ്മ ഓമനിച്ചു.

ഓരോ ദിനങ്ങൾ കൊഴിഞ്ഞു വീണു
മാവിലോരോ ഇലകൾ പൊടിച്ചു വന്നു
നേർത്തുള്ള കൊമ്പു മുരത്തതായി '
ഓർത്താലതിശയമന്നുമിന്നും!

ഓരോ ഋതുക്കൾ കടന്നു പോയി
ഓരോരോ മാറ്റങ്ങൾ വന്നു പോയി
മാവു വളർന്നതിൽ പൂവു വന്നു.
മാദക ഗന്ധം പരത്തിനിന്നു
വണ്ടുകൾ കൂട്ടമായ് വന്നു ചേർന്നു
പൂമധുവേറെ നുകർന്നകന്നു.
പൂങ്കല മാങ്കുലയായിടുന്നു
മാങ്ങ പഴുത്തു മണം പകർന്നു
തെക്കൻ കാറ്റ് മണം നുകർന്നു
ആദ്യത്തെ മാമ്പഴം താഴെ വീണു!.

ആരാണെടുക്കുവാൻ ആരാണെടുക്കുവാൻ
തേന്മാവിൻ മർമ്മരം കാതിലെത്തി
തെക്കെ ഇറയത്തിരുന്നു കൊണ്ടെന്നച്ഛൻ
നോക്കുന്നു തേന്മാവിൽ നന്ദിപൂർവം!
എന്നുണ്ണിക്കണ്ണന്റെ കൈകളിൽ മാമ്പഴം!
കണ്ണുകൾക്കാനന്ദമേകിടുന്നു!

-അയ്യമ്പുഴ ഹരികുമാർ -
 2005 ആഗസ്റ്റ്

Monday, 20 February 2017

വന്നാലും മേഘമേ തിരികെ വന്നാലും.

വന്നാലും മേഘമേ തിരികെ വന്നാലും.
ഞാൻ ചെയ്‌ത തെറ്റുകൾ പൊറുത്തു ക്ഷമിക്കണേ !
പുതുമഴ പെയ്തപ്പോൾ നാമ്പിട്ട പൂന്തോപ്പിൽ
പൂക്കൾ വിരിയാൻ കൊതിച്ചുനില്ക്കേ!
പൂക്കളിൽ തേനൂറും നാളെണ്ണി വണ്ടുകൾ
പൂമൊട്ടുതോറും തഴുകി നില്ക്കേ,

മഴമേഘമെന്തോ നിനച്ചു മടങ്ങിപ്പോയ്,
വിരിയാതെ മൊട്ടും കരിഞ്ഞു പോയി.
മൊട്ടു തഴുകി കഴിഞ്ഞൊരാ വണ്ടിന്റെ
സ്വപ്നമോ, ചിതയിൽ പതിച്ചുപോയി.

'ഇനിയും തുടരില്ല' മഴയെന്ന് കേട്ടപ്പോൾ
ഇടിവെട്ടേറ്റെന്ന പോൽ നിന്നു പോയി
കണ്ണീരിൻ ഉപ്പു കലർന്ന് കുതിർന്നിട്ടും മണ്ണിന് ചൂടേറി വന്നു.
 ഒരു പിടിചാരമായ് ചിതയിൽ പിടഞ്ഞവർ
'സഞ്ചിത' പുണ്യം ശ്വസിച്ചിരിപ്പൂ - അവർക്കിന്നും
'സഞ്ചിത' സ്വപ്നങ്ങൾ കൂട്ടിരിപ്പൂ.

ഈ സുന്ദര ഭൂമിയേക്കാൾ  മനോഹരം
സ്വർഗം ക്ഷണിച്ചിട്ടു പോലും,
ആത്മക്കളാരും മടങ്ങാതെ മണ്ണിനെ
'കെട്ടിപ്പുണർന്നു കിടപ്പൂ '
നന്മഴമേഘം വരും, സ്നേഹപ്പൂമഴ വീണ്ടും ചൊരിയും.
പൂന്തോപ്പിൽ പച്ച മുളയ്ക്കും, സ്വപ്നത്തിൻ
പൂവാടി വീണ്ടും തളിർക്കും, പിന്നെ പൂക്കും പൂന്തേൻ കിനിയും.
പെയ്യാതിരിക്കുവാനാവില്ലവൾക്കെന്ന് നന്നായറിയുന്നു ഞാൻ.

വന്നാലും മേഘമേ മണ്ണിന്റെ ദാഹമകറ്റാൻ നീയല്ലാതാരുണ്ട് വേറെ!
അമൃതവർഷങ്ങളായ് വന്നു നിറച്ചാലും,
നിൻ കാരുണ്യമില്ലാതീ ഭൂമിയിൽ പുൽക്കൊടി പോലും പുലരുകില്ല.
ആർത്തിയാൽ 'തെറ്റെ'ന്ന് ചെയ്തവയെല്ലാം ക്ഷമിച്ചാലും.
'ദാഹമത്രയ്ക്ക്' വന്നു പോയ്.
ഘോര തപം ചെയ്ത് ഗംഗയെ സാധിക്കാൻ
വീരൻ ഭഗീരഥനല്ല ഞാൻ,
ദാഹാർത്താനാം ദേഹി!
വന്നാലും മേഘമേ! തിരികെ വന്നാലും !.

-അയ്യമ്പുഴ ഹരികുമാർ - (19 -02 -2017 )

Sunday, 9 August 2015

അമ്മ എന്നമ്മ (കവിത)

അമ്മ എന്നമ്മ

ഭാരത വർഷത്തിലെ ഭാർഗവ ക്ഷേത്രത്തിങ്കൽ
മിഥുനമാസത്തിലെ ശാന്തി മുഹൂർത്തത്തിൽ
ലോകമുണരാനായ് വെമ്പിയ നേരത്ത്
ബ്രഹ്മാവിഷ്ണു മഹേശ്വരർ അൻപോടു
ധർമ്മപത്നീ സമേതരായ് സാക്ഷിയായ്
നിൽക്കുമാ ബ്രാഹ്മമുഹൂർത്തത്തിൽ,
നന്മഴത്തുള്ളിയെ നൽച്ചിപ്പിയെന്ന പോൽ
എന്നമ്മയന്നെന്നെ ആവാഹിച്ചു
അച്ഛന്റെ സ്നേഹ പ്രതീകമെന്നോർത്തെന്നെ
ആരാരും കാണാതെ ഓമനിച്ചു.
അമ്മ തൻ വാത്സല്യമേറെ നുകർന്ന ഞാൻ
അച്ഛനെ കാണാൻ കൊതിച്ചു;
പേറ്റുനോവേറ്റമ്മ ആദ്യമായ്,
ഭൂമിയിൽ ഞാനും പിറന്നു .
.........................................................

എന്നെക്കുറിച്ചേറെ സ്വപ്നങ്ങൾ നെയ്തവ-
യെല്ലാമൊരുമിച്ചു ചേർത്തു വിതാനിച്ച
നെഞ്ചോടു ചേർത്തിളം ചൂടു പകർന്നതും
സ്നേഹവാത്സല്യങ്ങൾ പാലമൃതാക്കിയെന്‍
ചുണ്ടോടു ചേർത്തു ചുരത്തിപ്പകർന്നതും
പിച്ച നടത്തിയെൻ പാദങ്ങളെ
പച്ചമണ്ണോടു ചേർത്തു കരുത്തു പകർത്തിയും
കണ്ണിലായ് ധർമ്മത്തിൻ ദീപം കൊളുത്തിയും
വിണ്ണോളമെൻ കീർത്തി പൊങ്ങുവാൻ പ്രാർഥിച്ചും
കൈയ്യിൽ കരുത്തേറും വാളും പരിചയും
ധർമ രക്ഷയ്ക്കായി തന്നു പദേശിച്ചും
എന്നോടു ചേർന്നു കളിച്ചും ചിരിച്ചും
പുരസ്കാര വാക്യങ്ങളേറെച്ചൊരിഞ്ഞും
സ്നേഹത്തുടിപ്പായി,
വേദനയ്ക്കുള്ളോരു സിദ്ധൗഷധമായി,
സങ്കടം തീർക്കുന്ന സാന്ത്വന ഗീതമായ്
എന്നെ പൊതിഞ്ഞു പൊതിഞ്ഞു സൂക്ഷിച്ചതും
എന്നമ്മ മാത്രമായിരുന്നു.
.........................................................
കൊടിയ ദാരിദ്ര്യം കൊടികുത്തി വാണതാം
നെടിയ നാളത്തെ ശനിബാധയേറ്റിട്ടും
തളരാതെ, തകരാതെ, സൂര്യതേജസാർന്നെ -
ന്നച്ഛനോടൊപ്പം പണിയെടുക്കുമ്പോഴും
പുഞ്ചിരി തൂകി നിലാവിനെപോലെന്റെ -
യുളളിൽ വിവേകം വിരിയിച്ചു തന്നതും,
അച്ഛന്റെ ചെയ്തിപ്രശംസാപരമെന്നു
പേർത്തും പറഞ്ഞു പിതൃ ഭക്തി വളർത്തിയും,
മാതൃകാ മാതാവായെന്നിൽ നിറഞ്ഞതും
എന്നമ്മ മാത്രമായിരുന്നു.
.........................................................
ഇന്നറിയുന്നു ഞാൻ മാതൃമഹത്വത്തെ
നന്മ നിറഞ്ഞതാം നിർമ്മല സ്വരൂപത്തെ!
ഉണ്മയും മണ്ണും വിണ്ണും അണ്ഡകടാഹങ്ങളും
നിന്നിൽ നിന്നല്ലോ പിറന്നൂ ജഗന്മാതേ!
വിണ്ണിലെ താരങ്ങളും മണ്ണിലെ പൊൻ പൂക്കളും
നിന്നുടെ കടാക്ഷങ്ങളെന്നു ഞാനറിയുന്നു.
ഭൂതവും ഭാവിയും വർത്തമാനവും നീയാണല്ലോ
വിശ്വ മാതാവേ നിനക്ക് സാഷ്ടാംഗ നമസ്കാരം.
-അയ്യമ്പുഴ ഹരികുമാർ -

Monday, 20 July 2015

വിശ്വപ്രേമം

എന്റെ ഉദ്യാന സീമയിൽ എന്നെന്നും
സൂര്യനായ് വന്നുദിക്കുമീ ചൈതന്യം
എൻ മനസ്സിലെ കൂരിരുൾ നീക്കിയും
എൻ മനസ്സിൽ പ്രകാശം പരത്തിയും
വന്നു നിൽക്കുന്ന സ്നേഹമേ നീയെന്നും
എന്റെയുള്ളിൽ കെടാവിളക്കാകണേ!

Saturday, 28 March 2015

ജീവജലം വിൽക്കുന്നവര്‍ കവിത

 കവിത
 ജീവജലം വിൽക്കുന്നവര്‍
കൊടിയ വേനല്‍ വരുന്നുവെന്നുള്ളൊരാ-
വാര്‍ത്ത വായിച്ചെന്നുള്ളം കുളിര്‍ത്ത്  പോയ്‌
വേനലിൽ ദാഹ മേറിയോരെല്ലാരും
കാണവും വിറ്റ് ദാഹജലം തേടും.

എന്റെ മുത്തച്ഛൻ പണ്ടു കുഴിപ്പിച്ച
വറ്റിടാത്ത കുളമെനിക്കുണ്ടല്ലോ...!
ആരും വന്നിറ്റ് വെള്ളമെടുക്കായ്കെ-
ന്നോർത്തു ചുറ്റു മതിലും കെട്ടിച്ചന്ന്.

ദീര്‍ഘവീക്ഷണമുള്ള മഹായോഗി
എന്റെ മുത്തച്ഛൻ മഹാൻ മഹാപ്രഭു
നാട്ടുകാരിൽ കുശുമ്പന്മാരായവർ
നൂറു പേരുകൾ വേറെ വിളിക്കിലും

വേനല്‍ വന്നാൽ ധന്യ-ധനാഢ്യനായ്
കുപ്പിവെള്ളം നിറച്ചു നിറച്ചു ഞാൻ.
എന്റെ ബാങ്കിലെ അക്കൌണ്ടു ബുക്കിലെ
അക്കവും വലുതാകാൻ കൊതിക്കയായ്.
                  -----------
അയ്യമ്പുഴ ഹരികുമാര്‍ 2014 ഏപ്രില്‍
 



Friday, 7 November 2014

തേന്മാവ് (കുട്ടിക്കവിത)

മുത്തച്ഛന്‍ നട്ടൊരു മാവാണ്
മുത്തശ്ശി വെള്ളമൊഴിച്ചതാണ്
മാവു വളര്‍ന്നങ്ങു നില്പ്പാണ്‌
മാമ്പഴം പെയ്യുന്ന തേന്മാവ്

തണലുവിരിച്ചൊരു തേന്മാവ്
അണ്ണാറക്കണ്ണന് വീടാണ്
കുയിലിനും കാക്കയ്ക്കും കുഞ്ഞിക്കുരുവിക്കും
ഏറെ സുഖമേകും കൂടാണ്.

മുറ്റത്തു  തനിയെ കളിച്ചു നില്ക്കും
ഉണ്ണിക്കു മാവൊരു കൂട്ടാണ്
വെണ്ണിലാവില്‍ വന്നൊളിച്ചുറങ്ങാന്‍
കൂരിരുട്ടിന്നും സഹായമാണ്.

ഉണ്ണിക്കും അച്ഛനും ഉണ്ണിടെ അമ്മയ്കും
കുഞ്ഞനുജത്തിക്കും കാവലാണ്
ഉണ്ണിടെ  വീടിനും പൂവാലിപ്പയ്യിനും
കാവലാളായൊരു  തേന്മാവ്

ഉണ്ണിടെ മുത്തച്ഛന്‍ അങ്ങ് ദൂരെ
വൃദ്ധ സദനത്തിലുണ്ട് പോലും
മാമ്പഴമോരോന്നു വീഴുമ്പോഴും
ഉണ്ണിക്കുസങ്കടം  ബാക്കി മാത്രം

കുട്ടിക്കഥ കേൾക്കാൻ കൂടുകൂടാന്‍
ഓമന തിങ്കൾ കിടാവോ പാടാന്‍
മുത്തച്ഛനില്ലാതെ എന്ത് ചെയ്യും
മാവിൻ  ചുവട്ടിലിരിപ്പാണുണ്ണി
              --------   അയ്യമ്പുഴ ഹരികുമാര്‍ 06/11/2014