Monday 20 February 2017

വന്നാലും മേഘമേ തിരികെ വന്നാലും.

വന്നാലും മേഘമേ തിരികെ വന്നാലും.
ഞാൻ ചെയ്‌ത തെറ്റുകൾ പൊറുത്തു ക്ഷമിക്കണേ !
പുതുമഴ പെയ്തപ്പോൾ നാമ്പിട്ട പൂന്തോപ്പിൽ
പൂക്കൾ വിരിയാൻ കൊതിച്ചുനില്ക്കേ!
പൂക്കളിൽ തേനൂറും നാളെണ്ണി വണ്ടുകൾ
പൂമൊട്ടുതോറും തഴുകി നില്ക്കേ,

മഴമേഘമെന്തോ നിനച്ചു മടങ്ങിപ്പോയ്,
വിരിയാതെ മൊട്ടും കരിഞ്ഞു പോയി.
മൊട്ടു തഴുകി കഴിഞ്ഞൊരാ വണ്ടിന്റെ
സ്വപ്നമോ, ചിതയിൽ പതിച്ചുപോയി.

'ഇനിയും തുടരില്ല' മഴയെന്ന് കേട്ടപ്പോൾ
ഇടിവെട്ടേറ്റെന്ന പോൽ നിന്നു പോയി
കണ്ണീരിൻ ഉപ്പു കലർന്ന് കുതിർന്നിട്ടും മണ്ണിന് ചൂടേറി വന്നു.
 ഒരു പിടിചാരമായ് ചിതയിൽ പിടഞ്ഞവർ
'സഞ്ചിത' പുണ്യം ശ്വസിച്ചിരിപ്പൂ - അവർക്കിന്നും
'സഞ്ചിത' സ്വപ്നങ്ങൾ കൂട്ടിരിപ്പൂ.

ഈ സുന്ദര ഭൂമിയേക്കാൾ  മനോഹരം
സ്വർഗം ക്ഷണിച്ചിട്ടു പോലും,
ആത്മക്കളാരും മടങ്ങാതെ മണ്ണിനെ
'കെട്ടിപ്പുണർന്നു കിടപ്പൂ '
നന്മഴമേഘം വരും, സ്നേഹപ്പൂമഴ വീണ്ടും ചൊരിയും.
പൂന്തോപ്പിൽ പച്ച മുളയ്ക്കും, സ്വപ്നത്തിൻ
പൂവാടി വീണ്ടും തളിർക്കും, പിന്നെ പൂക്കും പൂന്തേൻ കിനിയും.
പെയ്യാതിരിക്കുവാനാവില്ലവൾക്കെന്ന് നന്നായറിയുന്നു ഞാൻ.

വന്നാലും മേഘമേ മണ്ണിന്റെ ദാഹമകറ്റാൻ നീയല്ലാതാരുണ്ട് വേറെ!
അമൃതവർഷങ്ങളായ് വന്നു നിറച്ചാലും,
നിൻ കാരുണ്യമില്ലാതീ ഭൂമിയിൽ പുൽക്കൊടി പോലും പുലരുകില്ല.
ആർത്തിയാൽ 'തെറ്റെ'ന്ന് ചെയ്തവയെല്ലാം ക്ഷമിച്ചാലും.
'ദാഹമത്രയ്ക്ക്' വന്നു പോയ്.
ഘോര തപം ചെയ്ത് ഗംഗയെ സാധിക്കാൻ
വീരൻ ഭഗീരഥനല്ല ഞാൻ,
ദാഹാർത്താനാം ദേഹി!
വന്നാലും മേഘമേ! തിരികെ വന്നാലും !.

-അയ്യമ്പുഴ ഹരികുമാർ - (19 -02 -2017 )