Monday 8 April 2019

      നേര്                       കവിത

നേരറിഞ്ഞീടുവാൻ നേരമായി
നേരേ അറിയുവാൻ കാലമായി
നേർ വഴി നോക്കി നടന്നു മടുത്തു ഞാൻ
നേരായതാരെന്നു നേരു ചൊല്ലൂ .

നേരം വെളുത്തെന്നാൽ പത്രങ്ങളിൽ
നേരായ വാർത്തകൾ ആയിരങ്ങൾ,
ചാനൽ തുറന്നാലും നേർവാർത്തകൾ,
നേര് വളച്ചുള്ളോരിന്ദ്രജാലം,

നേരെന്നു തോന്നിക്കുമത്ഭുതങ്ങൾ
ആരാലും കാണാത്ത വൈഭവങ്ങൾ
പാരിനു ഭൂഷണമെന്നു തോന്നും
പേരാർന്ന വൈകൃത ഭാവനകൾ.

ചാനലിൽ ചർച്ചകൾ നേർക്കുനേർ ആക്രോശം
നേരിന്റെ വക്താക്കൾ എല്ലാരുമാരാധ്യർ
നേരെന്നു ചൊല്ലി വിവാദം കൊളുത്തിയോർ
നേരാണവയെല്ലാ-മെന്നു ഭാവിപ്പവർ.

നേരിനെ തേടി നടന്നു ഞാൻ, നേരായ
നേർവഴി തേടി ക്കുഴഞ്ഞു.
നേരാണിവയെല്ലാം ആരുണ്ടു കേൾക്കുവാൻ
നേരിന്റെയർഥം പറയാൻ.

-അയ്യമ്പുഴ ഹരികുമാർ -
   2018 സെപ്തംബർ
----------------------------