Friday 10 December 2021

ഭാരതമണ്ണിൻ മാനം കാക്കാൻ

വരുന്നു ഞങ്ങൾ ഭാരതമണ്ണിൻ മാനം കാക്കാനായ്.

രണാങ്കണങ്ങളിൽ വിജയപതാക പാറിച്ചീടാനായ്

ഉറച്ച മനസ് ഈ തുടത്ത മെയിൽ കരുത്തു ചേർക്കുമ്പോൾ

ഭാരതജനനീ നിൻ സുതരെല്ലാം സുരക്ഷ നേടീടും.

പുത്തനുഷസ്സുകൾ പുലരാനിവിടെ ത്രസിച്ചു നിൽക്കുമ്പോൾ

നിർഭയമായൊരു ലോകം ഞങ്ങൾ തുറന്നു നൽകീടും.

കരുത്തെഴുന്നൊരു യുവത്വമിവിടെ കടുത്തു നിൽക്കുമ്പോൾ

സ്വാതന്ത്ര്യത്തിൻ സുവർണ മകുടം സുഭദ്രമാണെന്നും .

Saturday 9 October 2021

 വിശ്വകീർത്തനം

അഖിലാണ്ഡ കോടികൾ നമിക്കുന്ന പൊരുളേ ....
അഖിലവുമറിയുന്ന പരം പൊരുളേ ...

നിന്നെ നമിക്കാത്ത നേരമുണ്ടോ !
നിന്നെ സ്തുതിക്കാത്ത നിമിഷമുണ്ടോ !


ജീവന്റെ സ്പന്ദം നീയറിയാതില്ല ...
മൃതിയും ലയങ്ങളും  നീയറിയാതില്ല....
ഈ വിശ്വമാകെ നിയന്ത്രിച്ചിടുന്ന നിൻ
അനുവാദമില്ലെങ്കിൽ ഞാനുമില്ല.


ദ്വാപരയുഗത്തിൽ നീ  കൃഷ്ണനായി
കലിയുഗത്തിൽ ശ്രീബുദ്ധനായി 
യേശുവായി പിന്നെ നബിയുമായി
ഊഴിയിൽ വന്നു നീ അവതരിച്ചു.
മർത്ത്യന്റെ ദുഃഖങ്ങൾ  എല്ലാം അകറ്റുവാൻ ഞാൻ ഊഴിയിൽ വന്നു നീ അവതരിച്ചു.

- അയ്യമ്പുഴ ഹരികുമാർ -

 

Wednesday 21 April 2021

 മറുകരയിലേക്ക് 


ഇല്ല... പിരിയില്ല നാം ..

നമ്മുടെ സ്വാതന്ത്ര്യം നാമാെരുമിച്ചു പങ്കിടും.

ഒടുവിൽ നാമെത്തിയീ തീരത്ത്.

ഒന്നായ് തുഴയാമിനി. 

പുതിയ പുലരിയാണിന്നെനിക്ക്... 

നിന്നിലെ പ്രണയാമൃതം നുകർന്നതിൽ ശേഷം ...

ഇത്ര നാളെത്ര വിദൂരത്തിരുന്നു നാം

ജന്മാന്തരങ്ങളറിയാതെ .... നാമൊന്നായൊഴുകിയതറിയാതെ ....

നിന്നെക്കുറിച്ചു നിരൂപിക്കെ

എന്നിലെ, ഓരോ അണുവും നിന്നെ കൊതിക്കയായ്..

എന്നോട് ചേർന്ന് തുഴയൂ.. 

മറുകര നമ്മളെ കാത്തതാ നില്പൂ ...

കൊറോണയാണെങ്കിലും തളരാതെ തുഴയണം. 

മറുകരയിൽ ജീവിതം തുടരണം. 

പ്രിയരായവർക്കെന്നും പ്രിയമായി നിൽക്കണം. 

പ്രിയമേറും കാര്യങ്ങൾ ചെയ്യണം.

നാമൊന്നു ചേർന്നു വിതയ്ക്കണം നാടാകെ 

സ്നേഹത്തിൻ ബീജമന്ത്രങ്ങൾ.

തുടരാം നമ്മുടെ യാത്ര ..

ജന്മാന്തരങ്ങളായ് നമ്മൾ തുടരുന്നയാത്ര..

പരസ്പരം ചൂടു പകർന്നിടാം 

സ്നേഹാമൃതം പകർന്നു നുകർന്നിടാം.

അതു മാത്രമാണിനി ശക്തിയും ഓജസ്സും.

അതിലൂന്നി  മുമ്പോട്ടു പോകാം.


21 - 04-2021

Sunday 5 July 2020

ഗുരുവിന്റെ മുമ്പിൽ സാഷ്ടാംഗ നമസ്കാരം.

ഇന്ന് വ്യാസപൂർണിമ . ഗുരുപൂർണിമ എന്നും പറയും. ശിഷ്യനെ പൂർണ്ണതയിൽ എത്തിക്കുന്നത് ഗുരുവാണ്; ആ ഗുരുവിന്റെ മുമ്പിൽ സാഷ്ടാംഗ പ്രണാമം. 
എന്റെ ഗുരുനാഥൻ പണ്ഡിത രത്നം എ ശങ്കര ശർമ്മ യോടൊപ്പം ഉള്ള ഉള്ള ചിത്രമാണ്  ഞാൻ ഇവിടെ ചേർത്തിരിക്കുന്നത്. അവാർഡ് കമ്മിറ്റികളുടെ പുറകെ നടന്ന് അവാർഡുകൾ തരപ്പെടുത്തുന്ന കാലങ്ങൾക്കു മുമ്പ് ഇന്ത്യയുടെ രാഷ്ട്രപതി ആയിരുന്ന ഡോക്ടർ എസ് രാധാകൃഷ്ണനിൽ നിന്ന് നല്ല അധ്യാപകനുള്ള ദേശീയപുരസ്കാരം നേടിയ ആളാണ് എന്റെ ഗുരുനാഥൻ. തികഞ്ഞ വേദാന്തി ആയിരുന്നു അദ്ദേഹം. പ്രതിഫലേച്ഛ കൂടാതെ കർമ്മം അനുഷ്ഠിച്ചിരുന്ന അദ്ദേഹത്തെ  കാലടിക്കാർ ഒരുപാട് സ്നേഹിക്കുകയും ആദരിക്കുകയും ചെയ്തു. ആദിശങ്കരൻ പിറന്നമണ്ണിൽ മണ്ണിൽ ജനിച്ച് ആ സിദ്ധാന്തങ്ങളെ പിൻതുടർന്നവർ ലോകത്തിൽ  അദ്വിതീയന്മാരും ആദരണീയരുമായിത്തീരുന്നു. മ ഗുരുക്കന്മാർക്കും ഗുരുവായ
 എന്റെ ഗുരുനാഥന്റെ സ്മരണയ്ക്കു മുമ്പിൽ നമസ്കരിച്ചു കൊണ്ട് എന്നും ഈ വിനീത ശിഷ്യൻ പരമ്പരയെ കാത്തുസൂക്ഷിക്കാൻ യത്നിക്കട്ടെ !

(1997 മെയ് മാസം ദ്വാദശി ദിനത്തിൽ സ്വർണത്ത് മനയിൽ വച്ച് എടുത്ത ചിത്രം.) അന്ന് മനയിൽ നിന്ന് ഉണക്കെ നെല്ലിക്ക ഭിക്ഷ വാങ്ങി ശങ്കരാചാര്യ കൃതികളെക്കുറിച്ചുള്ള ഗവേഷണത്തിന് തുടക്കം കുറിച്ചു. കനകധാരാസ്തവം ചൊല്ലുന്നതാണ് ചിത്രം .


Tuesday 10 December 2019

ആത്മദാഹം

കാണാതിരിക്കുമ്പോൾ കാണുവാൻ തോന്നും
കൺമുന്നിലെത്തുമ്പോൾ നാണിച്ചു പോകും.
നിന്നോടു മിണ്ടുവാൻ ഏറെ കൊതിച്ചാലും
നിന്മുന്നിലെത്തുമ്പോൾ  പറയാൻ മറന്നു പോം.

നിൻ സ്വനം കേൾക്കാഞ്ഞാൽ ദാഹാർത്തയാകും ഞാൻ
നിൻ സ്പർശമേൽക്കാഞ്ഞാൽ
ഉണരാതെ പോകും ഞാൻ!
നിന്നോടു ചേർന്നലിഞ്ഞീടുവാൻ വെമ്പും ഞാൻ
സൂര്യാംശുവിൽ മഞ്ഞായ് ലയിച്ചു തീരും.

നിന്നോട് ചേരായ്കിൽ എന്തിനാണീ ജന്മം
നീ തഴുകീടായ്കിൽ എന്തിനാണീ ജീവൻ
നിൻ നോട്ടമേൽക്കായ്കിൽ  ഈ ജന്മം പാഴാകും
നീയെന്റെ പ്രാണന്റെ പ്രാണനല്ലേ  സഖേ!

-അയ്യമ്പുഴ ഹരികുമാർ -
2019 ഡിസംബർ 10

Monday 18 November 2019

സുപ്രഭാതം പൂവേ
-അയ്യമ്പുഴ ഹരികുമാർ
സുപ്രഭാതം പൂവേ സുപ്രഭാതം !
നീ വിരിഞ്ഞാവൂ സുഗന്ധാത്മികേ!
മധുരം നിറഞ്ഞ നിൻ പൂഞ്ചഷകം
മുകരുവാൻ മധുപൻ പറന്നണഞ്ഞു.

മധുരം പകരുകയല്ലേ പൂവേ
നിന്നുടെ ദൗത്യമെന്നോതിയാലും!
ഗന്ധം പകർന്നാത്മദീപ്തിയാലെ
പാരിനെ നീ സ്വർഗ്ഗമാക്കുയോ?

ശ്രാന്തനായ് വന്ന വഴി പോക്കനും
കണ്ണിനാനന്ദാമൃതം പകർന്നും
വിണ്ണവർക്കും മണ്ണിൽ വന്നിറങ്ങാൻ
നീയേ പ്രതീക്ഷ കൊടുത്തു പൂവേ!

നിന്നോളമാർക്കുണ്ട് കാരുണ്യവും
കാതരഭാവ വിലാസങ്ങളും!
നിന്നോളമാരിൽ കനിഞ്ഞുനല്കി
ആത്മചൈതന്യ പ്രഭാവമീശൻ !

വേദനയേറ്റവർക്കാനന്ദമായ്
വേദനയാറ്റുന്ന പിയൂഷമായ്
നിൻ ദലസ്പപർശ സൗഭാഗ്യമേകാൻ
നിന്നെയീ പാരിലയച്ചതീശൻ.

നിന്നെക്കൊതിച്ചവർ പിന്നെ വേറെ
സ്വർലോകമൊന്നും കൊതിക്കുകില്ല.
നിൻ കരലാളനമേറ്റവരും
വേറൊന്നും  ചിന്തിച്ചു പോവതില്ല.

നിൻ മൃദുസ്മേരങ്ങൾ കണ്ടവരോ
കണ്ണൊന്നു ചിമ്മുകപോലുമില്ല.
നിൻവിളി പൂവിളി കേട്ടവരോ
എല്ലാം മറന്നു ലയിച്ചു നില്ക്കും!

നിന്നെക്കുറിച്ചോർമ്മ വന്നീടുകിൽ
സ്വർഗത്തിലെത്തിയപോലെ തോന്നും!
നിന്നരികത്തങ്ങണഞ്ഞീടുകിൽ
മോക്ഷപദം പൂകിയെന്നപോലെ!.

------------------------------------------------------
18 നവംബർ 2019

Monday 16 September 2019

എന്തിനാണിത്ര നാണം
എന്തിനാണിത്ര നാണം പൂവേ !
സുപ്രഭാതമായ്!
നിൻ സുസ്മിതം കാണുവാൻ
കാത്തു നിൽക്കുന്നിവൻ.
ഹരിതാഭയിൽ മഞ്ഞപ്പട്ടാംബരം നിൻ
ശോഭയേറ്റുന്നിതേ !
ജയിച്ചാലും സഖേ!

നിൻ മുഖമൊന്നുയർത്തുക
നിൻ മാസ്മര ഗന്ധം മുകരട്ടെ ഞാൻ
നിൻ മധുരമധുരം  നുകരട്ടെ ഞാൻ

ഷണികമാം ജീവിതം
കലഹിച്ചിടായ്ക നാം
ജീവിതത്തിൻ മുന്തിരിച്ചാറേ നാം
പാനം ചെയ്തിടാവൂ പ്രിയേ!

Tuesday 27 August 2019

മുല്ലയോട്

രാവിൽ വിരിയുന്ന പൂവേ,
മെല്ലെ മോഹമുണർത്തുന്ന മുല്ലേ!
ആർക്കായ് വിരിയുന്നു നീ
നിന്നിൽ ആർക്കും ജനിക്കില്ലേ മോഹം!

2019 ആഗസ്റ്റ്  27

Monday 26 August 2019

പൂവിനോട്
- കുട്ടിക്കവിത
തുടുത്ത റോസാപ്പൂവേ
നിന്നെ കാണാനെന്തു രസം!
ഇത്രനാളും കണ്ടില്ലാ ഞാൻ
നിന്നുടെ ഉള്ളം പൂവേ!

എന്തു സുഗന്ധം പൂവേ നിന്നിലെ
മാസ്മര ഗന്ധമരന്ദം!
അതു നുകരാനായ് 'കരി'വണ്ടിവനൊരു
ഭാഗ്യം വരുമോ പൂവേ !

-2019 ആഗസ്റ്റ് 26

Sunday 25 August 2019

എന്തിനു നീ പാടേ മറന്നൂ

എന്തിനു നീയെന്നെ പാടേ മറന്നൂ...
എന്തിനു നീയെന്റെ പാട്ടും മറന്നൂ..
കൂട്ടൊന്നു കൂടുവാൻ,
കൂടെ നടക്കുവാൻ
ഞാനെത്ര മോഹിപ്പൂ.. ഓമലാളേ ....

Saturday 24 August 2019

(ഓർമ്മകളിൽ ഒരു നല്ല കാലം) ലളിതഗാനം

നിന്നെക്കുറിച്ചെങ്ങാൻ ഓർത്തെന്നാൽ എൻ മനം
മയിൽ പേടയേ പോലെ നൃത്തമാടും
നിൻ സ്വനമൊന്നെങ്ങാൻ കേട്ടെന്നാൽ എൻ മനം
അറിയാതെ കുതികൊള്ളുമന്നു മിന്നും.

സ്വപ്നത്തിലൊന്നെങ്ങാൻ വന്നാലോ നീ
സ്വപ്നാടനം ഞാൻ നടത്തീടുമേ !
അരികിലെങ്ങാനും നീ വന്നണഞ്ഞാൽ
നാണിച്ചു നാണിച്ചെൻ  മിഴിയടയും.

എന്നെ നീ വിട്ടുപിരിഞ്ഞെന്നാലോ.....
എൻ പ്രാണൻ നിന്നെ പിന്തുടരും
നിൻ ആത്മാവിൽ വന്നു ഞാൻ കുടിയിരിക്കും.
നിന്നിൽ ലയിച്ചു ലയിച്ചു തീരും

-അയ്യമ്പുഴ ഹരികുമാർ
23/08/2019
---------------------------------