Saturday 25 February 2017

സ്നേഹ നിമന്ത്രണം.

 സ്നേഹ നിമന്ത്രണം.
വൃന്ദാവനസീമയിൽ എവിടെയോ
ഇതുവരെ കാണാത്ത പൂവിൻ നിമന്ത്രണം.
ചിറകു വിരിച്ചു പറന്നു ഞാനെത്തുവാൻ
ഏറെ കൊതിച്ചു വിളിക്കയാണിന്നവൾ.
കേൾപ്പൂ ഞാൻ അവളുടെ ധ്യാനനിമന്ത്രണം !
വൈകില്ലെന്നോമലേ, വരികയായ് ....

ഉമ്മ വച്ചാ ദളങ്ങൾ വിടർത്തുവാൻ,
വാരിപ്പുണരുവാൻ, നിന്നിലെ ഗന്ധം ശ്വസിക്കുവാൻ,
സ്നേഹ രസങ്ങൾ നുണയുവാൻ,
നിന്നെയെന്നിലേക്കാവാഹിക്കുവാൻ
ഗാനഗന്ധർവനായ് വന്നീടുമീ ഞാൻ.

കാട്ടു മുളയിലെ രന്ധ്രങ്ങളിൽ
ചുണ്ടാൽ ഏറെ പാട്ടു മൂളിക്കഴിഞ്ഞ ഞാൻ,
വറ്റാത്ത നിൻ സ്നേഹ നിർഝരിയിൽ വന്ന്,
സർവ്വ രന്ധ്രങ്ങളും പുൽകി, പിന്നെ കാവ്യരസത്താലവ നിറച്ച്
നിന്നിലെ കാമന തൊട്ടുണർത്തി,
സ്വർഗ്ഗീയാനന്ദ ഗംഗയിൽ മുങ്ങി നിവർന്ന്
ക്രീഡാരസത്തിലലിയിച്ച് പൂവേ..
ആത്മനിർവൃതി കൊള്ളാൻ കൊതിച്ചു പോയ് .

നിന്നെ ധ്യാനിച്ച് നിന്നെ കൊതിച്ചു
മതിയിൽ  മയങ്ങി കഴിയുന്നു ഞാൻ പൂവേ...
നിന്നിലേക്കല്ലാതെ വേറൊരു യാത്ര ?
നീയില്ലാതില്ലൊരു യാത്ര.!
ഈ യാത്രയിൽ നീയേ വെളിച്ചം
ഉള്ളിന്റെയുള്ളിൽ തെളിച്ചം.
ആപാദചൂഢം മധുരം കിനിയും നിൻ
എവിടെയാണാദ്യമായ്  ചുംബിച്ചിടേണ്ടൂ ഞാൻ
 അമൃതനിഷ്യന്തിയാം നിന്നുള്ളം
 തെല്ലുമൊളിക്കാതെന്നോമലേ..

അയ്യമ്പുഴ ഹരികുമാർ - 25 -02 -2017