Tuesday, 10 December 2019

ആത്മദാഹം

കാണാതിരിക്കുമ്പോൾ കാണുവാൻ തോന്നും
കൺമുന്നിലെത്തുമ്പോൾ നാണിച്ചു പോകും.
നിന്നോടു മിണ്ടുവാൻ ഏറെ കൊതിച്ചാലും
നിന്മുന്നിലെത്തുമ്പോൾ  പറയാൻ മറന്നു പോം.

നിൻ സ്വനം കേൾക്കാഞ്ഞാൽ ദാഹാർത്തയാകും ഞാൻ
നിൻ സ്പർശമേൽക്കാഞ്ഞാൽ
ഉണരാതെ പോകും ഞാൻ!
നിന്നോടു ചേർന്നലിഞ്ഞീടുവാൻ വെമ്പും ഞാൻ
സൂര്യാംശുവിൽ മഞ്ഞായ് ലയിച്ചു തീരും.

നിന്നോട് ചേരായ്കിൽ എന്തിനാണീ ജന്മം
നീ തഴുകീടായ്കിൽ എന്തിനാണീ ജീവൻ
നിൻ നോട്ടമേൽക്കായ്കിൽ  ഈ ജന്മം പാഴാകും
നീയെന്റെ പ്രാണന്റെ പ്രാണനല്ലേ  സഖേ!

-അയ്യമ്പുഴ ഹരികുമാർ -
2019 ഡിസംബർ 10